സർ ക്രീക്ക് മുതൽ ഥാർ മരുഭൂമി വരെയാണ് മൂന്ന് സേനകളും ഭാഗമാകുന്ന സൈനിക അഭ്യാസമായ തൃശൂൽ നടക്കുക. ഇന്ത്യൻ നീക്കത്തിന് പിന്നാലെ അഭ്യാസം നടക്കുന്ന മേഖലകളിലൂടെയുള്ള വ്യോമപാതയിൽ പാകിസ്‌താൻ നിയന്ത്രണം ഏർപ്പെടുത്തി. ഗുജറാത്തിലെ റാൻ ഓഫ് കച്ചിനും കറാച്ചിക്കും ഇടയിലുള്ള തർക്ക പ്രദേശമായ സർ ക്രീക്കിനടുത്ത് പാകിസ്‌താൻ സേന വിന്യാസം നടത്തിയും അടിസ്ഥാന സൗകര്യം വികസിപ്പിച്ചും പ്രകോപിപ്പിച്ചതോടെയാണ് സൈനിക അഭ്യാസത്തിന് ഇന്ത്യ തുടക്കം കുറിച്ചത്.

രാജസ്ഥാൻ ഗുജറാത്ത് സംസ്ഥാനങ്ങളിലെ മരുഭൂമി പ്രദേശങ്ങളിലാണ് അഭ്യാസം. കര, വ്യോമ, നാവിക സേനകൾ ഒരുമിച്ചാകും പങ്കെടുക്കുക. ഒക്ടോബർ 30 മുതൽ നവംബർ 10 വരെയാണ് പരിപാടി. ഈ ദിവസങ്ങളിൽ വ്യോമപാത ഒഴിവാക്കാൻ പ്രതിരോധ മന്ത്രാലയം വ്യോമയാന അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യയുടെ നീക്കത്തിന് പിന്നാലെ പാകിസ്ത‌ാൻ അതിർത്തി പ്രദേശങ്ങളിലെ സേനാവിഭാഗങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. ചില വ്യോമപാതകൾക്കും നിയന്ത്രണം ഏർപ്പെടുത്തി.