ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ കഴിഞ്ഞ 24 മണിക്കൂറിൽ പാകിസ്താൻ ഇന്ത്യയിലെ രണ്ട് വിമാനത്താവളങ്ങൾ ലക്ഷ്യമിട്ടെന്ന് റിപ്പോർട്ട്. ആദ്യം ജമ്മു വിമാനത്താവളവും പിന്നീട് ശ്രീനഗർ വിമാനത്താവളവും ലക്ഷ്യമിട്ടാണ് പാകിസ്താൻ ആക്രമത്തിന് ശ്രമിച്ചത്. എന്നാൽ ഇന്ത്യൻ സൈന്യം രണ്ട് ആക്രമണങ്ങളെയും പ്രതിരോധിച്ചു.
വ്യാഴാഴ്ച രാത്രിയിലേതിന് സമാനമായി പാകിസ്താൻ വെള്ളിയാഴ്ച രാത്രിയും ഇന്ത്യയിൽ ആക്രമത്തിന് ശ്രമിച്ചു. ശ്രീനഗർ, ബാരാമുള്ള, അവന്തിപോറ എന്നിവിടങ്ങളിൽ ഇന്നലെയും ഡ്രോണാക്രമണത്തിന് ശ്രമിച്ചെന്നാണ് റിപ്പോർട്ട്. ഇത് ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും ആയിരുന്നു.
പാകിസ്താൻ ലക്ഷ്യമിട്ടതിൽ ശ്രീനഗർ വിമാനത്താവളം, അവന്തിപ്പോര എയർബേസ്, ബാരമുള്ള, ജമ്മു, ഫിറോസ്പുർ, പത്താൻകോട്ട്, ജയ്സാൽമീർ, ബാർമർ, ബുജ് തുടങ്ങിയ സ്ഥലങ്ങളാണുള്ളത്. സാധാരണക്കാരെയും മിലിട്ടറിയെയും ലക്ഷ്യമിട്ടാണ് പാകിസ്താൻ ആക്രമണത്തിന് ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടതിന് പിന്നാലെയാണ് ശ്രീനഗർ എയർപോട്ടിനെയും ആക്രമിക്കാൻ ശ്രമിച്ചിരിക്കുന്നത്. എന്നാൽ ഇതിനെ വിജയകരമായി പ്രതിരോധിക്കാൻ ഇന്ത്യക്കായി.
പാകിസ്താൻ്റെ ഡ്രോൺ ആക്രമണം പലയിടങ്ങളിലും ഇന്ത്യ ആകാശത്ത് വെച്ച് തന്നെ തകർത്തു. അതേസമയം ഫിറോസ്പുരിൽ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിന് പരിക്കേറ്റിട്ടുണ്ട്. പാകിസ്താൻ വ്യാഴാഴ്ച രാത്രിയിൽ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ലേ മുതൽ സർ ക്രീക്ക് വരെ 36 സ്ഥലങ്ങളിൽ രാത്രി 8 മണി മുതൽ 12 മണി വരെയായിരുന്നു ആക്രമണം. തുർക്കി നിർമിത ഡ്രോണുകളാണ് പ്രധാനമായും ഉപയോഗിച്ചത്. ചിലത് ചൈനയിൽ നിന്നുള്ളവയായിരുന്നു.
കഴിഞ്ഞ രാത്രി പാകിസ്ഥാൻ നടത്തിയ ആക്രമണം ഇന്ത്യൻ നഗരങ്ങളെയും സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ളതായിരുന്നു. സൈനിക കേന്ദ്രങ്ങളെയും അവർ ലക്ഷ്യമിട്ടു. ഇന്ത്യൻ സൈന്യം ഇതിന് തക്കതായ മറുപടി നൽകിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഇന്നലെ പറഞ്ഞിരുന്നു.
പാകിസ്താൻ സൈന്യം സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഡ്രോണുകളുടെ അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കേണൽ സോഫിയ ഖുറേഷിയും പറഞ്ഞിരുന്നു. ടർക്കിഷ് അസിസ്ഗാർഡ് സോംഗർ ഡ്രോണുകളാണ് എന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



