ലക്നൗ: ഗുജറാത്തിൽ ഇവൾ ‘കാജൻ’, ഹരിയാനയിൽ ‘സീമ’, ബിഹാറിൽ ‘നേഹ’, ഉത്തർ പ്രദേശിലാകട്ടെ ‘സ്വീറ്റി’! ഒന്നും രണ്ടുമല്ല, 21കാരിയായ ഗുൽഷാന റിയാസ് ഖാൻ വിവാഹം ചെയ്തത് 12 ഓളം പേരെയാണ്. വിവാഹം നടന്ന് മണിക്കൂറുകൾക്കകം സ്വർണാഭരണങ്ങളും പണവും വിലയേറി സാമഗ്രികളുമായി മുങ്ങുന്ന യുവതിയെ പിന്നീട് വരന്മായ ആരും കണ്ടിട്ടില്ല. ഒടുവിൽ വൻ വിവാഹ തട്ടിപ്പ് സംഘത്തെ കൈയോടെ പിടികൂടിയിരിക്കുകയാണ് ഉത്തർ പ്രദേശ് പോലീസ്.

ഉത്തർ പ്രദേശിലെ അംബേദ്കർ നഗർ പോലീസ് ആണ് ഗുൽഷാന ഉൾപ്പെടുന്ന ഒൻപതംഗ സംഘത്തെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഭാസ്ക്കരി പോലീസ് സ്റ്റേഷൻ പരിധിയിലെ കസാദഹ ഗ്രാമത്തിൽ വെച്ചാണ് അഞ്ച് സ്ത്രീകളും നാല് പുരുഷന്മാരും ഉൾപ്പെടുന്ന പ്രതികളെ കൈയോടെ പിടികൂടിയത്. ഇവരിൽനിന്ന് 72,000 രൂപയും ഒരു ബൈക്കും താലിയും 11 മൊബൈൽ ഫോണുകളും മൂന്ന് വ്യാജ ആധാർ കാർഡുകളും പോലീസ് പിടിച്ചെടുത്തു.

വിവാഹം വൈകുന്ന ആളുകളുടെ കുടുംബത്തെ സമീപിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്. കുടുംബത്തെ വിശ്വസിപ്പിക്കുന്ന ഇവർ വിവാഹം നിശ്ചയിക്കുകയും ഗുൽഷാനയെ ഉപയോഗിച്ചു വിവാഹം നടത്തുകയും ചെയ്യും. ചടങ്ങ് പൂർത്തിയാകുന്നതോടെ സംഘത്തിലെ പുരുഷന്മാർ യുവതിയെ തട്ടിക്കൊണ്ട് പോകുന്നതായുള്ള രംഗം ചിത്രീകരിക്കും. ഇക്കൂട്ടത്തിൽ സ്വർണാഭരണും വിലപിടിപ്പുള്ള സാമഗ്രികളും കൊണ്ടുപോകുമെന്നും പോലീസ് അറിയിച്ചു.

ഹരിയാനയിലെ റോത്തക്ക് സ്വദേശിയായ സോനു ആണ് ഏറ്റവും ഒടുവിൽ തട്ടിപ്പ് സംഘത്തിന് ഇരയായത്. വിവാഹത്തിന് ശേഷം വധുവിനെ ബൈക്കിലെത്തിയ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി യുവാവ് യുപി പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് പോലീസ് റോഡ് ബ്ലോക്ക് ചെയ്ത് പരിശോധന കടുപ്പിച്ചതോടെ സംഘത്തിലെ ഒരാൾ പിടിയിലാകുകയായിരുന്നു. ഇയാളെ ചോദ്യംചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്. വിവാഹത്തിനായി 80,000 രൂപയാണ് തട്ടിപ്പ് സംഘം സോനുവിൽനിന്ന് ആവശ്യപ്പെട്ടത്.

പേരും വിലാസവും മാറ്റി 12 ഓളം കുടുംബങ്ങളെ തട്ടിപ്പിന് ഇരയാക്കിയതായി പ്രതികൾ പോലീസിനോട് സമ്മതിച്ചു. ഇരകളുടെ വിശ്വാസം നേടാനായി വ്യാജ തിരിച്ചറിയാൽ രേഖയാണ് യുവതി നൽകിയിരുന്നതെന്ന് പോലീസ് കണ്ടെത്തി. ബിഎൻസ് പ്രകാരം, വഞ്ചന, ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയതെന്നും തുടരന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.