ഊർജ്ജ മേഖലയിൽ ഇന്ത്യ അടിയന്തരമായി സ്വയംപര്യാപ്തത കൈവരിക്കണമെന്ന് മുൻ ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് മുന്നറിയിപ്പ് നൽകി. ഇന്ധനവില സർക്കാർ നിയന്ത്രിച്ചു നിർത്തുന്ന രീതി ഇനി അധികകാലം തുടരാനാവില്ലെന്നും ഇറാൻ – അമേരിക്ക സംഘർഷം നീണ്ടുപോയാൽ ഇന്ത്യയുടെ സാമ്പത്തിക സ്ഥിരത അപകടത്തിലാകുമെന്നും അവർ ചൂണ്ടിക്കാട്ടി. ഇന്ത്യാ ടുഡേ ടിവി കൺസൾട്ടിംഗ് എഡിറ്റർ രാജ്ദീപ് സർദേശായിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗീത ഗോപിനാഥ് തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.
ഇന്ധനവിലയിൽ സബ്സിഡി നൽകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ പ്രായോഗികമല്ലെന്ന് അവർ പറഞ്ഞു. “ഇന്ധനവിലയിൽ സബ്സിഡി നൽകുന്നത് തുടരാൻ ഇന്ത്യൻ സർക്കാരിന് കഴിയില്ല. ഇത് ധനക്കമ്മി വർദ്ധിപ്പിക്കും. ഏതെങ്കിലും ഘട്ടത്തിൽ അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന്റെ ഭാരം ഉപഭോക്താക്കൾക്ക് കൈമാറേണ്ടി വരും,” അവർ വ്യക്തമാക്കി.
ആഗോളതലത്തിലുണ്ടാകുന്ന ആഘാതങ്ങൾ ഇന്ത്യയുടെ ഇറക്കുമതി ആശ്രിതത്വത്തെ ബാധിക്കുന്നുണ്ടെന്ന് ഗീത ഗോപിനാഥ് പറഞ്ഞു. അതിനാൽ ഊർജ്ജ സ്വയംപര്യാപ്തതയ്ക്ക് ഇന്ത്യ മുൻഗണന നൽകണം. വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് എത്രത്തോളം കുറയ്ക്കാമോ അത്രത്തോളം അത് ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ സുരക്ഷിതമാണെന്ന് തോന്നാമെങ്കിലും ഇന്ധന സബ്സിഡി പോലുള്ള താൽക്കാലിക പ്രതിരോധങ്ങൾ തകർന്നാൽ സ്ഥിതി മാറും.
നിലവിലെ സാഹചര്യം
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ രണ്ട് വിപരീത ഘടകങ്ങളാണ് ഇപ്പോൾ സ്വാധീനിക്കുന്നത്. ഇറാൻ സംഘർഷം ഇന്ത്യയ്ക്ക് തിരിച്ചടിയായപ്പോൾ, അമേരിക്കൻ സുപ്രീം കോടതി വിധിയെത്തുടർന്ന് ഇറക്കുമതി തീരുവ 50 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറഞ്ഞത് അനുകൂലമായി. ഈ രണ്ട് കാര്യങ്ങളും പരസ്പരം സന്തുലിതമാക്കുന്നതിനാൽ ഈ സാമ്പത്തിക വർഷം ഇന്ത്യ 6.5 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ സംഘർഷം നീണ്ടുപോയാൽ ഈ ബാലൻസ് തെറ്റും.
ലോകം നേരിടുന്ന വലിയ എണ്ണ ആഘാതം
നിലവിലെ പ്രതിസന്ധി 1970-കളിലേതിനേക്കാൾ വലിയ എണ്ണ ആഘാതമാണ് (Oil Shock) ലോകത്തിന് നൽകുന്നത്. സംഘർഷം അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കപ്പെട്ടാൽ ആഗോള വളർച്ചയിൽ 0.3 ശതമാനത്തിന്റെ കുറവുണ്ടാകും. എന്നാൽ എണ്ണവില ബാരലിന് 100 ഡോളറിലേക്ക് ഉയർന്നാൽ ആഗോള വളർച്ചാ നിരക്ക് 3.4 ശതമാനത്തിൽ നിന്ന് 2.5 ശതമാനത്തിലേക്ക് താഴുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.
വിതരണ തടസ്സം ഇന്ത്യയ്ക്ക് ഭീഷണി
വിലക്കയറ്റത്തേക്കാൾ വിതരണത്തിലുണ്ടാകുന്ന തടസ്സമാണ് ഇന്ത്യയെ കൂടുതൽ ബാധിക്കുക. എണ്ണയ്ക്കും വളത്തിനുമായി ഇന്ത്യ മിഡിൽ ഈസ്റ്റ് രാജ്യങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. പാചകവാതകം (LPG), വളം എന്നിവയുടെ വിതരണം തടസ്സപ്പെട്ടാൽ അത് ഉൽപ്പാദനത്തെയും കൃഷിയെയും ബാധിക്കും. യുദ്ധം മെയ്, ജൂൺ മാസങ്ങളിലേക്ക് നീളുകയാണെങ്കിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ വളർച്ചാ നിരക്കിനെ അത് സാരമായി ബാധിക്കുമെന്നും രൂപയുടെ മൂല്യത്തിൽ വലിയ ഇടിവുണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.



