ബെംഗളൂരുവിൽ പ്രണയബന്ധത്തിലായിരുന്ന യുവാവിനെ കാമുകി ക്രൂരമായി കൊലപ്പെടുത്തി. “പാശ്ചാത്യ രീതിയിൽ” പ്രൊപ്പോസ് ചെയ്യാമെന്ന് വിശ്വസിപ്പിച്ച് യുവാവിന്റെ കൈകാലുകൾ കെട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബെംഗളൂരു അഞ്ജനനഗറിലെ യുവതിയുടെ വീട്ടിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കിരൺ (27) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ കാമുകിയായ പ്രേമയെ (27) പോലീസ് കസ്റ്റഡിയിലെടുത്തു.
വളരെ ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കിരൺ എത്തിയത്. ഒരു സർപ്രൈസ് പ്രൊപ്പോസൽ നൽകാമെന്നും അത് പാശ്ചാത്യ ശൈലിയിലുള്ളതാണെന്നും വിശ്വസിപ്പിച്ചാണ് പ്രേമ കിരണിനെ കെട്ടിയിട്ടത്. കിരണിന്റെ കൈകാലുകൾ കയർ ഉപയോഗിച്ച് ബന്ധിക്കുകയും കണ്ണുകൾ മൂടിക്കെട്ടുകയും ചെയ്തു. എന്തിനാണ് തന്നെ കെട്ടിയിടുന്നത് എന്ന് ചോദിച്ചപ്പോൾ ഇത് പ്രൊപ്പോസലിന്റെ ഭാഗമാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.



