പത്തൊമ്പതു വർഷം നീണ്ട കാത്തിരിപ്പിനു വിരാമമാകുന്നു. ഇന്ത്യയും, 27 രാജ്യങ്ങളടങ്ങിയ യൂറോപ്യൻ യൂണിയനും ചേർന്നുള്ള മെഗാ സ്വതന്ത്ര വ്യാപാര കരാർ (എഫ്‌ടിഎ) യാഥാർഥ്യത്തിലേക്ക്. ഇതോടെ ഇന്ത്യ ഭാഗഭാക്കാകുന്ന ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നായി ഇതു മാറും. കഴിഞ്ഞ 4 വർഷത്തിനിടയിൽ ഇന്ത്യ ഭാഗമാകുന്ന ഒൻപതാമത്തെ വ്യാപാരകരാറാണിത്. മൊറീഷ്യസ്, യുഎഇ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ഒമാൻ, ഇഎഫ്ടിഎ, ബ്രിട്ടൻ, ഇൻഡോ–പസിഫിക് ഇക്കണോമിക് ഫ്രെയിംവർക് അംഗങ്ങൾ എന്നിവയുമായിട്ടാണ് ഈ കാലയളവിൽ ഇന്ത്യ കരാറിൽ ഏർപ്പെട്ടത്. 

യൂറോപ്യൻ യൂണിയനുമായി 2007ൽ തുടക്കം കുറിച്ച വ്യാപാരകരാർ ചർച്ചകളാണ് പല തവണ മുടങ്ങിയും പുനരാരംഭിച്ചും ഒടുവിൽ ഒപ്പിടുന്നതിന്റെ വക്കിലെത്തിയിരിക്കുന്നത്. എന്തുകൊണ്ട് 18 വർഷമെടുത്തുവെന്ന് അദ്ഭുതം തോന്നാം. ചർച്ചകളിലെ സങ്കീർണതയും വിഷയങ്ങളുടെ ബാഹുല്യവും കണക്കിലെടുത്ത് ഇനിയും വർഷങ്ങളെടുക്കുമായിരുന്ന ചർച്ചകൾക്ക് ഇപ്പോഴെങ്കിലും അവസാനമായല്ലോ എന്ന് ആശ്വസിക്കുകയാണ് സത്യത്തിൽ വേണ്ടത്. ഇപ്പോഴിത് യാഥാർഥ്യമാകുന്നതിൽ ഒരു തരത്തിൽ നന്ദി പറയേണ്ടത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടാണ്. അദ്ദേഹം തുടങ്ങിവച്ച വ്യാപാരയുദ്ധവും അതിനെത്തുടർന്നുണ്ടായ രാജ്യാന്തര സാഹചര്യവുമാണ് ഈ ചർച്ച മാരത്തൺ വേഗത്തിൽ പൂർത്തിയാക്കാൻ യൂറോപ്യൻ യൂണിയൻ ബ്ലോക്കിനെയും (ഇയു ബ്ലോക്ക്) ഇന്ത്യയെയും പ്രേരിപ്പിച്ചതെന്ന് നിസ്സംശയം പറയാം.

യുഎസിനെ ദീർഘകാല അടിസ്ഥാനത്തിൽ ആശ്രയിക്കാനാവില്ലെന്ന ബോധ്യമാണ് ഈ പങ്കാളിത്തത്തിൽ നിർണായകമായത്. പുതിയ മെഗാ കരാർ ഇന്ത്യയ്ക്കും ഇയുവിനും ഏതൊക്കെ തരത്തിൽ ഗുണമാകും? എന്തൊക്കെയാണ് ഇരുകൂട്ടർക്കുമുള്ള വെല്ലുവിളികൾ? തൊട്ടാൽ പൊള്ളുന്ന കൃഷി, ക്ഷീരമേഖലകളെ കരാർ എങ്ങനെ പരിഗണിക്കും? കരാറിനു ശേഷം ഏതൊക്കെ ഉൽപന്നങ്ങൾക്ക് ഇന്ത്യയിൽ വില കുറയും? ഇത്തരം ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണിവിടെ.

∙ ഇന്ത്യ–ഇയു വ്യാപാരം നിലവിൽ എങ്ങനെ?

കഴിഞ്ഞ സാമ്പത്തികവർഷം ഏകദേശം 19,000 കോടി ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയ്ക്കും ഇയു രാജ്യങ്ങൾക്കുമിടയിൽ നടന്നത്. ഇത് എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കാൻ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യുഎസുമായുള്ള നമ്മുടെ വ്യാപാരം പരിശോധിക്കാം. കഴിഞ്ഞ സാമ്പത്തികവർഷം 13,100 കോടി ഡോളറായിരുന്നു യുഎസുമായുള്ള മൊത്തം വ്യാപാരം. അതായത് ഇയുവുമായി താരതമ്യം ചെയ്യുമ്പോൾ കുറവ്. എന്നിട്ടും യുഎസിനെ ഏറ്റവും വലിയ പങ്കാളിയെന്നു വിളിക്കുന്നത് എന്തുകൊണ്ടെന്നു തോന്നാം.

വ്യാപാരത്തിന്റെ കണക്കെടുക്കുമ്പോൾ ഓരോ രാജ്യവുമായിട്ടുള്ളതാണ് പരിഗണിക്കുന്നത്. ജർമനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ അടക്കം 27 രാജ്യങ്ങളടങ്ങിയ യൂറോപ്യൻ യൂണിയനെ ഒറ്റ ബ്ലോക്കായി പരിഗണിക്കുന്നതുകൊണ്ടാണ് തുക ഉയർന്നുനിൽക്കുന്നത്. ഫലത്തിൽ ഇയുവിനെ ഒറ്റരാജ്യമായി പരിഗണിച്ചാൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയായി കണക്കാക്കാമെന്നു ചുരുക്കം. ഇന്ത്യ യൂറോപ്യൻ യൂണിയനിൽ നിന്നു വാങ്ങുന്നതിനേക്കാൾ അങ്ങോട്ട് കയറ്റി അയയ്ക്കുന്നതിനാൽ വ്യാപാരമിച്ചവുമുണ്ട് (ട്രേഡ് സർപ്ലസ്).