ന്യൂഡൽഹി: ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് വരികയായിരുന്ന എണ്ണക്കപ്പൽ അമേരിക്കൻ ഉപരോധത്തെത്തുടർന്ന് ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു. ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങിയിരുന്ന ‘പിങ് ഷുൻ’ എന്ന കപ്പലാണ് വഴിതിരിച്ചുവിട്ടത്. ആറ് ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി ഗുജറാത്തിലെ വാഡിനാർ തുറമുഖത്തേക്ക് വരികയായിരുന്ന ഈ കപ്പൽ, അവസാനനിമിഷം ലഭിച്ച നിർദേശത്തെത്തുടർന്നാണ് ചൈനയിലെ ഡോംഗിയിങ് തുറമുഖത്തേക്ക് യാത്രയുടെ ദിശ മാറ്റിയത്.
ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക ഏർപ്പെടുത്തിയ വിലക്കാണ് കപ്പൽ ഇന്ത്യയിൽനിന്ന് വഴിമാറ്റി വിടാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
നിലവിൽ ഇറാൻ എണ്ണയുടെ 90 ശതമാനവും കയറ്റുമതി ചെയ്യുന്നത് ചൈനയിലേക്കാണ്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ആഗോളവിപണിയിൽ എണ്ണവില നിയന്ത്രിക്കാൻ അമേരിക്ക ഇറാനിയൻ എണ്ണയ്ക്ക് ചെറിയ ഇളവുകൾ നൽകിയിരുന്നുവെങ്കിലും സാമ്പത്തിക തടസ്സങ്ങൾ ഇപ്പോഴും തുടരുകയാണ്.
2019-ന് ശേഷം ആദ്യമായാണ് ഇന്ത്യ എണ്ണ ഇറക്കുമതിയിക്കായി ഇറാനെ ആശ്രയിക്കുന്നത്. ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള നീക്കങ്ങൾ തടസ്സപ്പെട്ടതോടെയാണ് റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് സമാന്തരമായി ഇറാനിൽനിന്നുള്ള അവസരങ്ങളും പ്രയോജനപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുന്നത്.



