ധാക്ക: നീണ്ട 17 വർഷത്തെ പ്രവാസത്തിന് ശേഷം തിരിച്ചെത്തിയ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി ബംഗ്ലാദേശ് തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ചിരിക്കുകയാണ്. ഈ വിജയം ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ പുതിയൊരു ഘട്ടത്തിന് തുടക്കമിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്ന താരിഖ് റഹ്മാൻ, ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് മുൻഗണന നൽകുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി താരിഖ് റഹ്മാനെ അഭിനന്ദിച്ചത് ബന്ധങ്ങൾ വേഗത്തിൽ സാധാരണ നിലയിലാക്കാനുള്ള ഇന്ത്യയുടെ താൽപര്യത്തെയാണ് സൂചിപ്പിക്കുന്നത്. അതേസമയം, ‘അമേരിക്ക ഫസ്റ്റ്’ എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയത്തിന് സമാനമായി ‘ബംഗ്ലാദേശ് ഫസ്റ്റ്’ എന്ന നയമാണ് താരിഖ് റഹ്മാൻ മുന്നോട്ട് വെക്കുന്നത്.
മുൻകാലത്തെ ‘ഡാർക്ക് പ്രിൻസ്’ എന്ന പ്രതിച്ഛായയിൽ നിന്ന് മാറി, കൂടുതൽ പ്രായോഗികവും പരിഷ്കരണാധിഷ്ഠിതവുമായ ഒരു നേതാവായാണ് (Tarique 2.0) അദ്ദേഹം ഇപ്പോൾ സ്വയം അവതരിപ്പിക്കുന്നത്. ‘ഡൽഹിയോടോ റാവൽപിണ്ടിയോടോ (പാകിസ്താൻ) പ്രത്യേക അടുപ്പമില്ല, ബംഗ്ലാദേശിനാണ് പ്രഥമ പരിഗണന’ എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം പ്രാദേശിക ശക്തികളിൽ നിന്ന് തുല്യ അകലം പാലിക്കാനുള്ള ശ്രമമായാണ് കണക്കാക്കപ്പെടുന്നത്.
എന്നിരുന്നാലും, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും റോഡ്, വ്യാപാരം, വൈദ്യുതി എന്നീ മേഖലകളിലെ സഹകരണം കൊണ്ടും ഇന്ത്യയെ തീർത്തും ഒഴിവാക്കാൻ കഴിയില്ല എന്ന യാഥാർഥ്യവും അദ്ദേഹം തിരിച്ചറിയുന്നുണ്ട്. ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോഴും ചില പ്രധാന വിഷയങ്ങൾ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തിൽ അസ്വസ്ഥതയുണ്ടാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, ഇന്ത്യയുമായുള്ള ബന്ധത്തിൽ ബംഗ്ലാദേശിന് നിരവധി കാര്യങ്ങൾ നിർണ്ണായകമാകും. ന്യൂനപക്ഷ സുരക്ഷയും ഷെയ്ഖ് ഹസീനയുടെ വിട്ടുകിട്ടലുമെല്ലാം ഇതിൽപെടും.
ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ 4,000 കിലോമീറ്റർ അതിർത്തി പങ്കിടുന്ന സാഹചര്യത്തിൽ സുരക്ഷാ-വ്യാപാര മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം അനിവാര്യമാണ്. തീസ്ത, പത്മ നദികളിലെ ജലം പങ്കുവെക്കുന്നതിൽ ബംഗ്ലാദേശിന് അർഹമായ വിഹിതം വേണമെന്നത് രാജ്യത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നമായാണ് അദ്ദേഹം കാണുന്നത്. ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന ആവശ്യം താരിഖ് റഹ്മാന്റെ ഭരണകൂടത്തിന് മുന്നിലെ വലിയൊരു വെല്ലുവിളിയായിരിക്കും.
എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ബംഗ്ലാദേശ് നിർമ്മിക്കുമെന്നും ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. ‘മതം വ്യക്തിപരമാണ്, എന്നാൽ രാഷ്ട്രം എല്ലാവരുടേതുമാണ്’ എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. അതിർത്തിയിൽ നടക്കുന്ന കൊലപാതകങ്ങൾ അവസാനിപ്പിക്കുമെന്ന് അദ്ദേഹം തന്റെ മാനിഫെസ്റ്റോയിൽ ഉറപ്പുനൽകിയിട്ടുണ്ട്.
മുൻകാലത്തെ കയ്പേറിയ അനുഭവങ്ങൾ മറന്ന്, ഒരു ‘ജാഗ്രതയോടെയുള്ള പുനഃക്രമീകരണത്തിനാണ്’ (cautious recalibration) ഇരുരാജ്യങ്ങളും ഇപ്പോൾ ശ്രമിക്കുന്നത്. താരിഖ് റഹ്മാന്റെ പുതിയ നേതൃത്വം ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദത്തിൽ എത്രത്തോളം മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.



