തുംകൂർ: സിദ്ദരാമയ്യ മാറുകയാണെങ്കിൽ ജി. പരമേശ്വര കർണാടക മുഖ്യമന്ത്രിയാകണമെന്ന് മുൻ മന്ത്രി കെ.എൻ. രാജണ്ണ. തുംകൂറിൽ നടന്ന സർക്കാർ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു രാജണ്ണയുടെ പ്രതികരണം. ഇതോടെ ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മുഖ്യമന്ത്രി മാറ്റം എന്ന വിഷയം ചർച്ചയാകുകയാണ്.
‘സിദ്ദരാമയ്യ മികച്ച മുഖ്യമന്ത്രിയാണ്. എന്നാൽ അദ്ദേഹം മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആഭ്യന്തരമന്ത്രി പരമേശ്വര ആണ് യോഗ്യൻ. അദ്ദേഹം നേരത്തെ തന്നെ മുഖ്യമന്ത്രി ആകേണ്ടതായിരുന്നു. എന്നാൽ നടന്നില്ല.’-രാജണ്ണ പറഞ്ഞു.
“മുഖ്യമന്ത്രി മാറ്റം ദേശീയ നേതാക്കൾ ചർച്ച ചെയ്യും എന്നാണ് സൂചന. എല്ലാവരും കേരളത്തിലുണ്ട് അവിടെവച്ച് വേണമെങ്കിൽ ചർച്ച ചെയ്യാമല്ലോ. 2013 ൽ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തേണ്ടിയിരുന്ന ആളാണ് പരമേശ്വര. നിർഭാഗ്യവശാൽ അദ്ദേഹം പരാജയപ്പെട്ടു. പക്ഷെ ഇനിയും സാധ്യതയുണ്ട്.’-രാജണ്ണ കൂട്ടിച്ചേർത്തു.
“അധികാരം ആരുടേയും കുത്തകയല്ല. സിദ്ദരാമയ്യ എല്ലാക്കാലത്തും മുഖ്യമന്ത്രിയായിരിക്കില്ല. ഇത് അദ്ദേഹത്തിന്റെ മാത്രം സ്വത്തല്ല. ഇത് ആരുടെയും അല്ല. ആളുകൾ മാറി മാറി വരും.’-രാജണ്ണ പറഞ്ഞു.



