വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലയില്‍ ഭൂമി വിനിയോഗിക്കുന്നതിനുള്ള കേരള ഭൂമി പതിവ് ചട്ടത്തിന് അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പട്ടയ ഭൂമി വീടു നിര്‍മിക്കുന്നതിനും കൃഷി ചെയ്യുന്നതിനും പുറമേ മറ്റാവശ്യങ്ങള്‍ക്കായും ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കുന്നതിനാണ് തീരുമാനം. ഇതോടെ പതിച്ചു കൊടുത്ത ഭൂമിയില്‍ വീടു മാത്രമല്ല മറ്റുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പട്ടയ ഉടമകള്‍ക്ക് സാധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

5,000 ചതുരശ്ര അടിവരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സൗജന്യമായും 5000–10,000 വരെ ഭൂമിയുടെ ന്യായവിലയുടെ ഒരു ശതമാനവും, അതിനു മുകളിലുള്ള നിര്‍മിതികള്‍ക്ക് ഭൂമിയുടെ ന്യായവിലയുടെ 2 ശതമാനവും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്തുവിന് ഭൂമിയുടെ ന്യായവിലയുടെ 5 ശതമാനവും ഈടാക്കി അനുമതി നല്‍കാമെന്നാണു മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. ഹൈറേഞ്ച് ജനതയുടെ ഏറെക്കാലമായുള്ള ആവശ്യമാണ് മന്ത്രിസഭ അംഗീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. 2010 മുതല്‍ നിന്നിരുന്ന അനിശ്ചിതത്വമാണ് ഇതോടെ അവസാനിക്കുന്നത്.