സിപിഐ ഇടുക്കി ജില്ലാ നേതൃത്വവുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്നും സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്നും മുതിര്‍ന്ന നേതാവ് കെ.കെ ശിവരാമന്‍. ഇനി സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷിപ്ത താല്‍പ്പര്യങ്ങളാണ് ഇടുക്കിയിലെ പാര്‍ട്ടിയെ നയിക്കുന്നതെന്നും ഇടുക്കിയിലെ സിപിഐയില്‍ കുറെ കാലമായി വിമര്‍ശനവും സ്വയം വിമര്‍ശനവും ഇല്ലായെന്നും കെ.കെ ശിവരാമന്‍ കുറ്റപ്പെടുത്തി. ഇടുക്കി ജില്ലയില്‍ സിപിഐ തകര്‍ന്നെന്നും കെ.കെ ശിവരാമന്‍ തുറന്നടിച്ചു.

സിപിഐ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളോട് നൂറ് ശതമാനം സത്യസന്ധത പുലര്‍ത്തിയാണ് ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചതെന്ന് തീരുമാനം അറിയിച്ചു കൊണ്ട് കെ.കെ ശിവരാമന്‍ വ്യക്തമാക്കി.

ഇടുക്കി ജില്ലയില്‍ മണ്ണ്, മണല്‍, ഭൂമാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പല സിപിഐ നേതാക്കളും അതിനോട് ഒട്ടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഇടുക്കിയിലെ സിപിഐയുടെ വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ തനിക്ക് ഒരു ഇടമില്ലെന്ന് മനസ്സാലായി. അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഒരു സുപ്രഭാതത്തില്‍ കൈകൊണ്ട പ്രകോപനപരമായ തീരുമാനമല്ലെന്നും കെ.കെ ശിവരാമന്‍ വ്യക്തമാക്കി.

സജീവ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിച്ചുവെങ്കിലും പാര്‍ട്ടി അനുവദിക്കുമെങ്കില്‍ ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും കെ കെ ശിവരാമന്‍ പറഞ്ഞു. പുറത്താക്കാനാണ് പാര്‍ട്ടി തീരുമാനമെങ്കിലും കമ്മ്യൂണിസ്റ്റായി തുടരും. കമ്മ്യൂണിസ്റ്റുകാരനാക്കുന്നത് പാര്‍ട്ടിയിലെ സ്ഥാനമല്ലെന്നും അയാളുടെ ജീവിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.