ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിലെ വിവാദങ്ങള്‍ക്കിടെ തിരിച്ചറിയലിനായി സ്വീകരിക്കുന്ന 11 രേഖകള്‍ പുറത്തുവിട്ടിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പട്ടിക അന്തിമല്ലെന്നും മാര്‍ഗനിര്‍ദേശം മാത്രമാണെന്നും കമ്മീഷന്‍ അറിയിച്ചു. 

നിയമപ്രകാരം വോട്ടര്‍പട്ടികയില്‍ ആരെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കാനുള്ള അധികാരം പ്രാദേശിക ഉദ്യോഗസ്ഥനാണ്. അദ്ദേഹമാണ് രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത്. അതുകൊണ്ട് തന്നെ പട്ടികയ്ക്ക് പുറത്തുള്ള രേഖകളും ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥന് സ്വീകരിക്കാമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

സമര്‍പ്പിക്കേണ്ട രേഖകള്‍

ഏതെങ്കിലും തിരിച്ചറിയല്‍ രേഖ/ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയോ പൊതുമേഖലാ സ്ഥാപനങ്ങളുടെയോ (PSU) സ്ഥിരം ജീവനക്കാരന്‍/പെന്‍ഷന്‍കാര്‍ക്ക് നല്‍കിയിട്ടുള്ള ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്/പെന്‍ഷന്‍ പേയ്മെന്റ് ഓര്‍ഡര്‍

ഏതെങ്കിലും തിരിച്ചറിയല്‍ ജൂലൈ 1, 1987-ന് മുമ്പ് സര്‍ക്കാര്‍/ പ്രാദേശിക അധികാരികള്‍/ ബാങ്കുകള്‍/ പോസ്റ്റ് ഓഫീസ്/ LIC/ PSUs എന്നിവ ഇന്ത്യയില്‍ നല്‍കിയിട്ടുള്ള ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്/ സര്‍ട്ടിഫിക്കറ്റ്/ രേഖ

കോംപീറ്റവ്‌റ് അതോറിറ്റി നല്‍കിയിട്ടുള്ള ജനന സര്‍ട്ടിഫിക്കറ്റ്

പാസ്‌പോര്‍ട്ട്

അംഗീകൃത ബോര്‍ഡുകള്‍/ സര്‍വ്വകലാശാലകള്‍ നല്‍കുന്ന മെട്രിക്കുലേഷന്‍/ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്

സംസ്ഥാന അധികാരികള്‍ നല്‍കുന്ന സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ്

വന അവകാശ സര്‍ട്ടിഫിക്കറ്റ്

ഒബിസി/എസ്/എസ്ടി അല്ലെങ്കില്‍ കോംപീറ്റന്റ് അതോറിറ്റി നല്‍കുന്ന ഏതെങ്കിലും ജാതി സര്‍ട്ടിഫിക്കറ്റ്

ദേശീയ പൗരത്വ രജിസ്റ്റര്‍ (നിലവിലുണ്ടെങ്കില്‍)

സംസ്ഥാന/ പ്രാദേശിക അധികാരികള്‍ തയ്യാറാക്കിയ കുടുംബ രജിസ്റ്റര്‍

സര്‍ക്കാര്‍ നല്‍കുന്ന ഏതെങ്കിലും ഭൂമി/വീട് അനുവദിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ്

ബിഹാറിലെ സാമൂഹിക സാഹചര്യത്തില്‍ താഴേക്കിടയിലുള്ളവര്‍ക്ക് ഇവയില്‍ പല രേഖകളും അപ്രാപ്യമാണെന്ന പരാതികള്‍ ഉയരുന്നുണ്ട്.