ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) നാസിക് ബിപിഒ യൂണിറ്റിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരെ അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി. ലൈംഗിക അതിക്രമം, പിന്തുടരുക (Stalking), മോശമായ രീതിയിലുള്ള സ്പർശനം, മതപരമായ അധിക്ഷേപം എന്നിവ ചൂണ്ടിക്കാട്ടി യുവതി നൽകിയ വിശദമായ പോലീസ് പരാതിയുടെ വിവരങ്ങൾ ഇന്ത്യാ ടുഡേ പുറത്തുവിട്ടു.

2025 ജൂൺ 20-നാണ് പരാതിക്കാരി ടിസിഎസിൽ അസോസിയേറ്റായി ചേരുന്നത്. പരിശീലന കാലയളവിൽ ലോൺ വിഭാഗത്തിലെ ടീം ലീഡറായ റാസ മേമൻ പരിശീലന മുറിയിൽ അതിക്രമിച്ചു കയറി മോശം പരാമർശങ്ങൾ നടത്തിയിരുന്നുവെന്ന് യുവതി ആരോപിക്കുന്നു.

“നിങ്ങളുടെ ഭർത്താവ് സ്ഥലത്തില്ലാത്ത സാഹചര്യത്തിൽ നിങ്ങൾ എങ്ങനെയാണ് ഒറ്റയ്ക്ക് കഴിയുന്നത്? പേടി തോന്നാറില്ലേ? എന്ത് സഹായത്തിനും ഞാൻ തയ്യാറാണ്” എന്നിങ്ങനെയുള്ള ഇരട്ടയർത്ഥമുള്ള ചോദ്യങ്ങൾ ഇയാൾ ചോദിച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഷാരൂഖ് ഖുറേഷി എന്ന മറ്റൊരു സഹപ്രവർത്തകനും യുവതിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് മോശം ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.