പൃഥ്വിരാജിന് വിവാഹത്തിന് ശേഷമാണ് മാറ്റം സംഭവിച്ചത് എന്ന് പൊതുവെയുള്ള ഒരു സംസാരമാണ്. അതുവരെ രായപ്പന്‍ എന്ന് വിളിച്ച് കളിയാക്കിയവര്‍ പോലും, രാജുവേട്ടന്‍ എന്ന് പൃഥ്വിയെ ബഹുമാനത്തോടെ വിളിച്ചു തുടങ്ങിയത് വിവാഹത്തിന് ശേഷമാണെന്നാണ് വിലയിരുത്തലുകള്‍. തനിക്കെതിരെ വന്ന കുത്തുവാക്കുകളോടും നെഗറ്റീവുകളോടും എല്ലാം വിടാതെ പ്രതികരിച്ചിരുന്ന പൃഥ്വി, ആവശ്യമുള്ളതിനോട് മാത്രം സംസാരിച്ച്, മൗനത്തിലൂടെയും സിനിമകളിലൂടെയും വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി. ഇപ്പോള്‍ പൃഥ്വിരാജിന്റെ വാക്കുകള്‍ക്ക് മലയാളത്തിലെ മറ്റേതൊരു നടന്റെ വാക്കിനെക്കാളും ആരാധകര്‍ വില കല്‍പിയ്ക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള നടന്റെ പ്രതികരണങ്ങള്‍ എല്ലാം വൈറലായിരുന്നുയ

എന്നാല്‍ വിവാഹ ശേഷമല്ല തനിക്ക് മാറ്റം സംഭവിച്ചത് എന്ന് പൃഥ്വി പറയുന്നു. ഒരു പ്രസ് കോണ്‍ഫറന്‍സില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയവെയായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. ‘നാളെ കല്യാണം കഴിഞ്ഞാല്‍ മറ്റന്നാള്‍ മുതല്‍ ലൈഫ് ഭയങ്കരമായി മാറുകയാണ് എന്നൊന്നില്ല. നമ്മുടെ സമൂഹഘടന വച്ചിട്ട്, രണ്ട് പേര്‍ ഒന്നിച്ചു ജീവിച്ചു തുടങ്ങുന്നു. ഒരു കുടുംബമാവുന്നു. ഇനി നിങ്ങള്‍ കല്യാണം കഴിക്കുന്നില്ല എന്നാണ് തീരുമാനം എങ്കില്‍ അതൊരു തെറ്റേയല്ല’ എന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വി തുടങ്ങുന്നത്.

‘കല്യാണം കഴിഞ്ഞതുകൊണ്ട് മാറ്റം ഒന്നും എന്നില്‍ സംഭവിച്ചിട്ടില്ല. മാറ്റം ശരിക്കും എനിക്ക് സംഭവിച്ചത് ഞാനൊരു അച്ഛനായതിന് ശേഷമാണ്. കാരണം, എത്ര തന്നെ നിങ്ങള്‍ പരസ്പരം ഐ ലവ് യു മൈ ഡാര്‍ലിങ് എന്നൊക്കെ പറഞ്ഞാലും, ഏറ്റവും ആദ്യം നിങ്ങള്‍ ആത്മാര്‍ത്ഥമായി മറ്റെന്തിനെക്കാളും അധികം ഈ ലോകത്ത് സ്‌നേഹിക്കുന്നത് നിങ്ങളുടെ കുഞ്ഞിനെയായിരിക്കും. ഒരു മകനോ, മകളോ പിറന്ന് കഴിഞ്ഞാല്‍ മാത്രമേ ആ വാല്യു നമുക്ക് തിരിച്ചറിയൂ’

ആ ഒരു ഇമോഷനിലൂടെ കടന്ന് പോകാനും അതനുഭവിക്കാനുമുള്ള ഭാഗ്യം നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടാവട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിയ്ക്കുന്നു. എന്റെ മോളെ സുപ്രിയ പ്രസവിച്ചിട്ട്, അവളെ ഞാന്‍ ആദ്യമായി എന്റെ കൈകളില്‍ എടുത്തപ്പോഴാണ് ഹൊ ഒരാളെ എനിക്കിങ്ങനെ ഇഷ്ടപ്പെടാന്‍ സാധിക്കും എന്ന് തിരിച്ചറിയുന്നത്.- പൃഥ്വിരാജ് പറഞ്ഞു.

മകളെ കുറിച്ച് എവിടെ സംസാരിച്ചാലും പൃഥ്വി പലപ്പോഴും വളരെ അധികം ഇമോഷണല്‍ ആവാറുണ്ട്. ക്യാമറ കണ്ണുകളില്‍ നിന്നെല്ലാം അകറ്റി, അവളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഇപ്പോള്‍ സുപ്രിയും പൃഥ്വിരാജും അലംകൃത മേനോന്‍ എന്ന മകളെ വളര്‍ത്തുന്നത്. മകളുടെ വിശേഷങ്ങള്‍ സുപ്രിയ ഇടയ്ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.