കാനഡയിലെ ഭവന വിപണിയിൽ മാന്ദ്യം തുടരുന്നു. മാർച്ചിലെ കണക്കുകൾ പ്രകാരം വീട് വിൽപ്പനയിൽ കുറവുണ്ടായതായും വിലകൾ ഇടിഞ്ഞതായും കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ (CREA) പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഉയർന്ന പലിശനിരക്കുമാണ് വിപണിയെ പ്രതികൂലമായി ബാധിക്കുന്നത്. ഈ വർഷത്തെ മോശം തുടക്കം കണക്കിലെടുത്ത് 2026-ലേക്കുള്ള വിപണി പ്രവചനത്തിലും അസോസിയേഷൻ തിരുത്തൽ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മാർച്ചിൽ വീട് വിൽപ്പനയിൽ 0.1 ശതമാനത്തിന്റെ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. എന്നാൽ വാർഷിക കണക്കുകൾ പരിശോധിക്കുമ്പോൾ വിൽപ്പനയിൽ 2.3 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്.
ഭവന വില സൂചികയിൽ മാസടിസ്ഥാനത്തിൽ 0.4 ശതമാനവും വാർഷികാടിസ്ഥാനത്തിൽ 4.7 ശതമാനവും കുറവ് രേഖപ്പെടുത്തി. വിപണിയിൽ പുതിയതായി ലിസ്റ്റ് ചെയ്യുന്ന വീടുകളുടെ എണ്ണത്തിലും 0.2 ശതമാനത്തിന്റെ കുറവുണ്ടായി. പണപ്പെരുപ്പം വർദ്ധിച്ചതിനെത്തുടർന്ന് മോർട്ട്ഗേജ് പലിശ നിരക്കിലുണ്ടായ പെട്ടെന്നുള്ള വർദ്ധനവ് വാങ്ങലുകാരെ പിന്നോട്ടടിപ്പിക്കുകയാണെന്ന് CREA സീനിയർ ഇക്കണോമിസ്റ്റ് ഷോൺ കാത്കാർട്ട് പറഞ്ഞു.
വർഷത്തിന്റെ തുടക്കത്തിൽ തന്നെ വിപണിയിൽ പ്രകടമായ അസ്ഥിരത മാർച്ചിലും തുടരുകയായിരുന്നു. നിലവിൽ വീടുകളുടെ വിതരണവും (New listings) ആവശ്യക്കാരും (Sales) തമ്മിലുള്ള അനുപാതം 47.8 ശതമാനമാണ്, ഇത് ദീർഘകാല ശരാശരിയേക്കാൾ താഴെയാണ്. വിപണിയിലെ ഈ തളർച്ച കണക്കിലെടുത്ത് 2026-ലെ വിൽപ്പന ലക്ഷ്യം അസോസിയേഷൻ വെട്ടിക്കുറച്ചു. ജനുവരിയിൽ പ്രവചിച്ചിരുന്ന 4,94,512 വീടുകൾക്ക് പകരം 4,74,972 വീടുകൾ മാത്രമേ 2026-ൽ വിറ്റഴിക്കപ്പെടൂ എന്നാണ് പുതിയ കണക്കുകൂട്ടൽ. എങ്കിലും 2025-നെ അപേക്ഷിച്ച് ഒരു ശതമാനം വർദ്ധനവ് വിപണിയിൽ പ്രതീക്ഷിക്കുന്നുണ്ട്. വരും മാസങ്ങളിൽ പലിശ നിരക്കുകളിൽ വരുന്ന മാറ്റങ്ങൾ വിപണിയെ സംബന്ധിച്ച് നിർണ്ണായകമാകും.



