കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിര്‍മിക്കുന്ന വീട്ടിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് മന്ത്രി കെ.രാജൻ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. താമസം തുടങ്ങിയശേഷം പ്രശ്നങ്ങള്‍ വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.
ഇത് വിള്ളലല്ലെന്നും പെൻസിൽ കൊണ്ട് വരച്ചതാണെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിതന്നെ നേരിട്ടെത്തി ഉരച്ചുനോക്കി സ്ഥിരീകരിച്ചത്. ഉണ്ടായത് വലിയ വിള്ളലല്ലെന്നാണ് മന്ത്രി പറയുന്നത്. വീട് ഇതുവരെ കൈമാറിയിട്ടില്ലെന്നും കൈമാറിയത് പട്ടയം മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.
രണ്ടിടങ്ങളിലാണ് നിലവിൽ വിള്ളൽ കണ്ടെത്തിയത്. അടുത്ത മാസത്തോടെ 178 വീടുകൾ താമസയോഗ്യമാക്കി കൈമാറും. ഒക്ടോബറിന് മുമ്പ് മുഴുവൻ വീടുകളും തീർത്ത് നൽകണമെന്നാണ് ഊരാളുങ്കലുമായുള്ള കരാർ. കരാർ പാലിച്ചില്ലെങ്കിൽ ഊരാളുങ്കലിനെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.



