ബീഫ് വിളമ്പിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഹൈദരാബാദിൽ മലയാളി ഉടമസ്ഥതയിലുള്ള ഹോട്ടലിന് നേരെ സംഘപരിവാർ പ്രവർത്തകരുടെ ആക്രമണം നടന്നതായി പരാതി. ഇഫ്ലു കാമ്പസിന് സമീപം പ്രവർത്തിക്കുന്ന ‘ജോഷിയേട്ടൻ തട്ടുകട’ എന്ന ഹോട്ടലിന് നേരെയാണ് ബജ്‌രംഗ്‌ദൾ പ്രവർത്തകർ ആക്രമണം നടത്തുകയും കട അടച്ചുപൂട്ടിക്കുകയും ചെയ്തത്.
ഹോട്ടൽ ഉടമയായ 24കാരനായ ആൽബിൻ വർഗീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഹോട്ടൽ നടത്തിപ്പുകാരൻ നൽകിയ പരാതിപ്രകാരം, വെള്ളി രാത്രിയോടെ മുപ്പതോളം വരുന്ന ബജ്‌രംഗ്‌ദൾ പ്രവർത്തകരാണ് ഹോട്ടലിലേക്ക് എത്തിയത്. ഹോട്ടലിൽ ബീഫ് വിളമ്പുന്നുവെന്ന് ആരോപിച്ച് സംഘം അടുക്കളയിൽ അതിക്രമിച്ചു കയറി പരിശോധന നടത്തിയതായും പരാതിയിൽ പറയുന്നു.
പരിശോധനയ്ക്ക് ശേഷം ബീഫ് വിളമ്പുന്നു എന്ന് പറഞ്ഞ് ജീവനക്കാരെ ബജ്‌രംഗ്‌ദൾ പ്രവർത്തകർ അസഭ്യം പറയുകയും ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥികളും പ്രദേശവാസികളുമടക്കമുള്ളവരെ ഭീഷണിപ്പെടുത്തി എഴുന്നേൽപ്പിച്ച് വിടുകയും ചെയ്തതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഭീഷണിപ്പെടുത്തലിനും ബഹളത്തിനും ശേഷം ബജ്‌രംഗ്‌ദൾ പ്രവർത്തകർ ചേർന്ന് ഹോട്ടൽ പൂട്ടിക്കുകയും ചെയ്തു. വിദ്യാർഥികളും പ്രദേശവാസികളുമെല്ലാം പതിവായി എത്താറുള്ള ഒരു സ്ഥാപനമാണിത്. ഹോട്ടലുടമയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.



