ഇനി മുതല്‍ കടലിടുക്കിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ കപ്പലുകളെയും യുഎസ് നാവികസേന തടയുമെന്ന് ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ഇറാന് ടോള്‍ നല്‍കുന്ന എല്ലാ കപ്പലിനെയും അന്താരാഷ്ട്ര സമുദ്രാതിർത്തിയില്‍ വെച്ച്‌ യുഎസ് സൈന്യം തടയുമെന്നും ട്രംപ് പറഞ്ഞു.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. “ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാമെന്ന് ഇറാൻ വാഗ്ദാനം ചെയ്തിരുന്നതാണ്, എന്നാല്‍ അവർ ബോധപൂർവ്വം അതില്‍ പരാജയപ്പെട്ടു. ഇത് ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും ആശങ്കയും പ്രയാസവും ഉണ്ടാക്കിയിട്ടുണ്ട്. കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിച്ചതായി അവർ അവകാശപ്പെടുന്നു, എന്നാല്‍ ഇറാന്റെ നാവികസേനയെയും മൈനുകള്‍ നിക്ഷേപിക്കുന്ന കപ്പലുകളെയും അമേരിക്ക ഇതിനോടകം തന്നെ തകർത്തു കഴിഞ്ഞു,” ട്രംപ് കുറിച്ചു.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ മധ്യസ്ഥതയില്‍ ഇസ്ലാമാബാദില്‍ നടന്ന സമാധാന ചർച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം. ഇതോടെ രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിർത്തല്‍ പ്രതിസന്ധിയിലായി. ചർച്ചകള്‍ നന്നായി നടന്നുവെന്നും മിക്ക കാര്യങ്ങളിലും ധാരണയായെന്നും പറഞ്ഞ ട്രംപ്, എന്നാല്‍ ഇറാന്റെ ആണവ പദ്ധതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടായില്ലെന്ന് വ്യക്തമാക്കി.