ലണ്ടൻ/പാരീസ്: ലോകത്തിലെ ഏറ്റവും നിർണായകമായ ഊർജ്ജ ഇടനാഴികളിൽ ഒന്നായ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ സംയുക്ത നീക്കവുമായി ബ്രിട്ടനും ഫ്രാൻസും. മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ചരക്ക് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഒരു ‘ബഹുരാഷ്ട്ര പ്രതിരോധ ദൗത്യം’ രൂപീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രഖ്യാപിച്ചു.

പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനായി ഈ ആഴ്ച ലണ്ടനിലോ പാരിസിലോ വെച്ച് അന്താരാഷ്ട്ര ഉച്ചകോടി നടക്കും. ലോകത്തെ 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടങ്ങളിൽ ഭാഗമാകാതെ, പൂർണ്ണമായും സ്വതന്ത്രമായ ഒരു സുരക്ഷ പദ്ധതിയാണ് ബ്രിട്ടനും ഫ്രാൻസും വിഭാവനം ചെയ്യുന്നത്. ഇത് കേവലം ‘പ്രതിരോധപരമായ’ നീക്കം മാത്രമായിരിക്കുമെന്ന് പ്രസിഡന്റ് മാക്രോൺ വ്യക്തമാക്കി.