കർത്താവിന്റെ പ്രത്യക്ഷീകരണത്തിരുനാൾ ദിനമായ ജനുവരി ആറാം തീയതി വത്തിക്കാനിലെ വി. പത്രോസിന്റെ ബസിലിക്കയിലെ വിശുദ്ധ വാതിൽ അടച്ചു. ലെയോ പതിനാലാമൻ പാപ്പ മുഖ്യകാർമ്മികത്വം വഹിച്ച വിശുദ്ധബലിയിൽ ഏതാണ്ട് 5,800 ഓളം പേർ ബസലിക്കയ്ക്കുള്ളിൽ നിന്ന് സംബന്ധിച്ചു. പതിനായിരത്തോളം പേർ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലും സന്നിഹിതരായിരുന്നു.

പ്രാദേശിക സമയം രാവിലെ 9.30 ന് ആരംഭിച്ച ചടങ്ങിൽ, ജൂബിലി വർഷത്തിന്റെ ഔദ്യോഗിക ഗാനാലാപനത്തിനും പ്രാർഥനകൾക്കും ശേഷം ലെയോ പാപ്പ ജൂബിലിവർഷത്തിലെ അവസാനത്തെ വിശുദ്ധവാതിൽ അടച്ചു. തുടർന്ന് പാപ്പ ദിവ്യബലിയർപ്പിച്ചു.

പൂജരാജാക്കന്മാരുടെ ആനന്ദത്തിന്റെയും ഹേറോദേസിന്റെ ഭയത്തിന്റെയും ദിനമാണ് എപ്പിഫനിയെന്ന് വിശുദ്ധബലിമധ്യേ നടത്തിയ പ്രഭാഷണത്തിൽ പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. എല്ലാത്തിനെയും മാറ്റിമറിക്കുന്ന സാന്നിധ്യമാണ് ദൈവത്തിന്റെ മനുഷ്യാവതാരത്തിൽ നാം കാണുന്നതെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. ജൂബിലിവർഷത്തിൽ, റോമിലെ നാല് ബസിലിക്കകളിലുമായി മൂന്നേകാൽ കോടിയിലധികം വിശ്വാസികൾ വിശുദ്ധവാതിൽ കടന്നിരുന്നു.