കേരള ബോക്സ് ഓഫീസ് ഇപ്പോൾ ഭരിക്കുന്നത് ഹോളിവുഡ് സിനിമകളാണ്. തുടർച്ചയായുള്ള വിജയങ്ങൾ ഇല്ലാത്തതും മലയാള സിനിമയുടെ അഭാവവും ബോക്സ് ഓഫീസ് കളക്ഷനെ വലിയ തോതിൽ ബാധിക്കുന്നുണ്ട്. അതേസമയം, മികച്ച ഹോളിവുഡ് സിനിമകൾ പുറത്തിറങ്ങുന്നതിനാൽ അതിനെല്ലാം കേരളത്തിൽ ചലനമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. നിലവിൽ ജുറാസിക് വേൾഡ് റീബർത്തും എഫ് വണ്ണുമാണ് കേരളത്തിൽ കളക്ഷനിൽ ഒന്നാമത്.
ജോസഫ് കോസിൻസ്കി സംവിധാനം ചെയ്ത ‘എഫ് 1’ കേരള മാർക്കറ്റിലും വലിയ കുതിപ്പാണുണ്ടാക്കുന്നത്. പുറത്തിറങ്ങി പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ കേരളത്തിൽ നിന്നും സിനിമ നേടിയത് അഞ്ച് കോടിയാണ്. ഐമാക്സ് സ്‌ക്രീനുകളിൽ സിനിമയ്ക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രേക്ഷകർ ഐമാക്സ് സ്‌ക്രീനിൽ സിനിമ കാണുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ തന്നെ സോഷ്യൽ മീഡിയകളിൽ വൈറലാണ്. ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ എന്നാണ് എഫ് വണ്ണിന് ലഭിക്കുന്ന റിപ്പോർട്ടുകൾ. ചിത്രത്തിലെ ബ്രാഡ് പിറ്റിന്റെ അഭിനയത്തേയും എല്ലാവരും പുകഴ്ത്തുന്നുണ്ട്.
അതേസമയം, മോശം പ്രതികരണങ്ങൾ ആണ് ലഭിക്കുന്നതെങ്കിലും കേരളത്തിൽ കളക്ഷനുണ്ടാക്കാൻ ജുറാസിക് വേൾഡ് റീബർത്തിന് സാധിക്കുന്നുണ്ട്. മൂന്ന് ദിവസം കൊണ്ട് 2.7 കോടിയാണ് കേരളത്തിൽ നിന്നുള്ള സിനിമയുടെ നേട്ടം. ആഗോള ബോക്സ് ഓഫീസിലും സിനിമയ്ക്ക് നേട്ടമുണ്ടാക്കാനാകുന്നുണ്ട്. എന്നാൽ സിനിമയ്ക്ക് നേരെ നിറയെ വിമർശനവും ഉയരുന്നുണ്ട്. മുൻ സിനിമകളിൽ നിന്നും ഈ ഭാഗം ഒട്ടും വ്യത്യസ്തമല്ലെന്നും ചിത്രം ബോറടിപ്പിക്കുന്നുണ്ടെന്നും കമന്റുകൾ ഉണ്ട്. പതിഞ്ഞ താളത്തിലാണ് സിനിമ സഞ്ചരിക്കുന്നതെന്നും ത്രില്ലിംഗ് ആയി ഒന്നും തന്നെ സിനിമ നൽകുന്നില്ലെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എന്നാൽ സിനിമയ്ക്ക് മികച്ച ഫൈനൽ കളക്ഷൻ കേരളത്തിൽ നിന്ന് നേടാനാകുമെന്നും ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.