കിന്നൗർ കൈലാഷ് ട്രെക്കിങ്ങിനിടെ കുടുങ്ങിയ 413 തീർത്ഥാടകരെ സിപ്‌ലൈൻ, റോപ്പ് റെസ്‌ക്യൂ എന്നിവ ഉപയോഗിച്ച് സുരക്ഷിതമായി രക്ഷപ്പെടുത്തി. കിന്നൗറിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിൽ താൽക്കാലിക പാലങ്ങൾ ഒലിച്ചുപോയതാണ് തീർത്ഥാടകർ ഒറ്റപ്പെടാൻ കാരണം. ദേശീയ ദുരന്ത നിവാരണ സേനയും (എൻ‌ഡി‌ആർ‌എഫ്), ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസും (ഐ‌ടി‌ബി‌പി) സംയുക്തമായാണ് അതി സാഹസിക രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

ബുധനാഴ്ച രാവിലെയാണ് ട്രെക്ക് റൂട്ടിൽ തീർത്ഥാടകർ കുടുങ്ങിയതായി കിന്നൗർ ജില്ലാ ഭരണകൂടത്തിന് വിവരം ലഭിക്കുന്നത്. ഉടൻ തന്നെ ജില്ലാ ഭരണകൂടം ഐ‌ടി‌ബി‌പിയെ വിവരമറിയിക്കുകയും അവർ ഒരു രക്ഷാസംഘത്തെ സംഭവസ്ഥലത്തേക്ക് അയക്കുകയും ചെയ്തു. പർവതാരോഹണത്തിനുള്ള അത്യാധുനിക ഉപകരണങ്ങളും, കയറുകളും, ഹാർനെസ്സുകളും (പർവതാരോഹണത്തിലും, സുരക്ഷാ ജോലികളിലും ഉപയോഗിക്കുന്ന ഒരുതരം സുരക്ഷാ ബെൽറ്റ്), ഐസ് കോടാലികളും (മഞ്ഞുമലകളിലും, ഐസ് നിറഞ്ഞ പ്രദേശങ്ങളിലും കയറാൻ ഉപയോഗിക്കുന്ന ഒരുതരം കോടാലി പോലുള്ള ഉപകരണം) ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായാണ് രക്ഷാസംഘം എത്തിയത്.

ട്രെക്ക് റൂട്ടിലെ ടാങ്ലിംഗ് ഡ്രെയിനിന് കുറുകെ നിർമ്മിച്ചിരുന്ന രണ്ട് താൽക്കാലിക പാലങ്ങളാണ് മേഘവിസ്ഫോടനത്തെ തുടർന്നുള്ള പെട്ടെന്നുള്ള വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്. ഇതോടെ മറുകരയെത്താൻ സാധിക്കാതെ 400-ൽ അധികം തീർത്ഥാടകർ കുടുങ്ങുകയായിരുന്നു. അതിവേഗത്തിൽ ഒഴുകുന്ന നദിക്ക് കുറുകെ രക്ഷാപ്രവർത്തനത്തിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നത് വെല്ലുവിളിയായിരുന്നു. എന്നാൽ, ഐ‌ടി‌ബി‌പി സംഘം കയറുകൾ ഉപയോഗിച്ച് സുരക്ഷിതമായി ആളുകളെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്ന സാങ്കേതികവിദ്യയായ റോപ്പ് റെസ്‌ക്യൂ ട്രാവേഴ്സ് ക്രോസിംഗ് ടെക്നിക് ഉപയോഗിച്ച് രണ്ട് കരകളെയും ബന്ധിപ്പിച്ച് കെട്ടിയ ഉരുക്ക് കമ്പിയിലൂടെ പുള്ളിയുടെ സഹായത്തോടെ നീങ്ങുന്ന സംവിധാനമായ സിപ്‌ലൈൻ ഒരുക്കി. ഇതിലൂടെ ഓരോരുത്തരെയായി നദിക്ക് മുകളിലൂടെ മറുകരയിലേക്ക് സുരക്ഷിതമായി എത്തിക്കുകയായിരുന്നു.

രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ഐ‌ടി‌ബി‌പി അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് വഴി പങ്കുവെച്ചിട്ടുണ്ട്. ആകെ 413 പേരെയാണ് ഈ രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.