പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് പ്രശ്‌നത്തിൽ സമവായം. സ്‌കൂളിന്റെ നിയമാവലി അനുസരിച്ച് കുട്ടി നാളെ മുതല്‍ സ്‌കൂളില്‍ എത്തുമെന്ന് പിതാവ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സ്‌കൂള്‍ പരിസരത്ത് ക്രമസമാധാനം നിലനിര്‍ത്തണമെന്ന് വ്യക്തമാക്കി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പൊലീസ് സുരക്ഷയ്ക്കുള്ള അനുമതി ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജ്മെന്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഒരു വിദ്യാര്‍ത്ഥിനി ഹിജാബ് ധരിച്ച് വന്നത് സ്‌കൂള്‍ മാനേജ്‌മെന്റ് വിലക്കിയിരുന്നു. യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് സ്‌കൂളിന്റെ ബൈലോ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഈ വിവാദത്തിലാണ് സമവായം.
ഹൈബി ഈഡന്‍ എംപിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും നേതൃത്വത്തില്‍ നടന്ന സമവായ ചര്‍ച്ചയിലാണ് തീരുമാനം. ഹിജാബ് വിവാദത്തെ തുടര്‍ന്ന് മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഭീഷണിപ്പെടുത്തുന്ന ബിജെപി-ആര്‍എസ്എസ് അജണ്ട വിലപോകില്ലെന്നും ഒറ്റപ്പെട്ട ചെറിയ സംഭവങ്ങള്‍ ഊതിപ്പെരുപ്പിച്ച് ചിലര്‍ വലുതാക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.