ഹിജാബ് വിവാദത്തിൽ നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഷയത്തിൽ സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലതെന്നും അത് അവിടെ തീരട്ടെയെന്നും മന്ത്രി പറഞ്ഞു. രക്ഷിതാവ് പഴയ സ്റ്റാൻഡിൽ നിന്ന് മാറിയിട്ടുണ്ട്. രക്ഷിതാവിന് പ്രശ്നമില്ല. പക്ഷേ മാനേജ്മെന്റിനോട് വിശദീകരണം ചോദിക്കും. പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല. ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കാൻ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാര്‍ത്ഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് തുടര്‍പഠനം നടത്താന്‍ സ്കൂള്‍ അനുമതി നല്‍കണമെന്നായിരുന്നു മന്ത്രി ആദ്യം പ്രതികരിച്ചത്.
ഇതിനിടെ മന്ത്രിക്കെതിരെ സ്കൂള്‍ മാനേജ്മെന്റും കത്തോലിക്കാ കോൺഗ്രസ് രംഗത്തെത്തി. രക്ഷിതാവും കുട്ടിയും സ്കൂളില്‍ യൂണിഫോം ധരിച്ചെത്താമെന്ന് അറിയിച്ച സാഹചര്യത്തില്‍ എന്തുകൊണ്ടാണ് മന്ത്രി ഇത്തരത്തിലൊരു പ്രതികരണം നടത്തിയതെന്ന് അറിയില്ലെന്ന് സ്കൂള്‍ മാനേജ്മെന്റ് അഭിഭാഷക അഡ്വ. വിമല പറഞ്ഞു.



