100 വയസ്സായ അമ്മയ്ക്ക് പ്രതിമാസം 2000 രൂപ ജീവനാംശം നൽകാത്ത മകനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈകോടതി. അമ്മയെ സംരക്ഷിക്കാത്ത മകൻ മനുഷ്യനല്ലെന്ന് ഹൈകോടതി നിരീക്ഷിച്ചു. കൊല്ലം സ്വദേശിയായ മകൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.

മറ്റ് മക്കളുള്ളതിനാൽ താൻ ജീവനാംശം നൽകേണ്ടതില്ല എന്ന മകന്റെ വാദം ഹൈക്കോടതി തള്ളി. മകൻ ഹർജി നൽകുമ്പോൾ 92 വയസ്സായിരുന്ന അമ്മയ്ക്ക് ഇപ്പോൾ 100 വയസ്സായി. ജീവനാംശം ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്ന അമ്മയുടെ അവസ്ഥയെ കോടതി അതിനിശിതമായി വിമർശിച്ചു. 

കേവലം 2000 രൂപ അമ്മയ്ക്ക് നൽകാതിരിക്കാൻ പോരാടുന്ന മകനുള്ള സമൂഹത്തിൽ ജീവിക്കുന്നത് അപമാനകരമാണെന്നും കോടതി കൂട്ടിച്ചേർത്തു. അമ്മ തനിക്കൊപ്പം താമസിക്കാൻ തയ്യാറാണെങ്കിൽ കൂടെ കൂട്ടാൻ ഒരുക്കമാണെന്ന് മകൻ കോടതിയെ അറിയിച്ചു. അമ്മയ്‌ക്കെതിരെയല്ല, മറിച്ച് സ്വാർത്ഥ താൽപ്പര്യം കാരണം സഹോദരനെതിരെയായിരുന്നു കേസ് എന്നും ഹർജിക്കാരൻ വാദിച്ചു. 

എന്നാൽ, ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. എന്തു പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും ജീവനാംശം ആവശ്യപ്പെട്ട് അമ്മയെ കോടതിയിലേക്ക് വരുത്തേണ്ട സാഹചര്യം ഒഴിവാക്കാമായിരുന്നു എന്ന് കോടതി മകനെ ഓർമ്മിപ്പിച്ചു. ഏതൊരാളുടെയും വീട് അമ്മയാണെന്നും, വളർന്ന് വലുതായി വിവാഹിതനായാലും മകൻ അമ്മയ്ക്ക് മകൻ അല്ലാതാകുന്നില്ലെന്നും കോടതി പറഞ്ഞു. എത്ര പ്രായമായാലും മകൻ അമ്മയെ സംരക്ഷിക്കാൻ ബാധ്യസ്ഥനാണ്. ഹർജിക്കാരന്റെ അമ്മയ്ക്ക് മറ്റ് മക്കളുണ്ടായിരിക്കാം. അവർ അമ്മയെ നോക്കുന്നില്ലെങ്കിലോ മോശമായി പെരുമാറുന്നുണ്ടെങ്കിലോ അത് ഹർജിക്കാരൻ കണക്കിലെടുക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.