ഓട്ടവ ∙ കാനഡയിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിനി ഹർസിമ്രത് രൺധാവ (22) യ്ക്കു വെടിയേറ്റത് കോളജിലേക്കു പോകുമ്പോഴെന്നു വിവരം. മൊഹാക് കോളജിൽ ഫിസിയോ തെറപ്പി അസിസ്റ്റന്റ് പ്രോഗ്രാമിലെ തെറപ്പി അസിസ്റ്റന്റായിരുന്നു പഞ്ചാബ് സ്വദേശിനി ഹർസിമ്രത്. ബുധനാഴ്ച വൈകിട്ട് പ്രാദേശിക സമയം 7.30ന് ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുമ്പോഴാണ് ഹർസിമ്രത്തിനു വെടിയേറ്റത്.
ഹാമിൽടണിലെ അപ്പർ ജയിംസ് സ്ട്രീറ്റിനും സൗത്ത് ബെൻഡ് റോഡിനും സമീപമായിരുന്നു വെടിവയ്പെന്ന് ഹാമിൽടൺ പൊലീസ് അറിയിച്ചു. ഒരു കറുത്ത മെഴ്സിഡീസ് എസ്‍യുവിയിലെത്തിയവർ അവിടെയുണ്ടായിരുന്ന വെളുത്ത സെഡാൻ കാറിലെ യാത്രികർക്കു നേരേ നിറയൊഴിക്കുകയായിരുന്നു. തിരിച്ചും വെടിവയ്പുണ്ടായെന്നാണ് വിവരം. അതിനിടെയാണ് ഒരു വെടിയുണ്ട ഹർസിമ്രത്തിന്റെ ജീവനെടുത്തത്. ബസ് സ്റ്റോപ്പിനു സമീപത്തെ ഒരു വീടിന്റെ ജനാലയും വെടിവയ്പിൽ തകർന്നിട്ടുണ്ട്.വീട്ടിലുള്ളവർ ടിവി കാണുകയായിരുന്നു. ആർക്കും പരുക്കില്ല. വെടിവയ്പിനു ശേഷം രണ്ടു വാഹനങ്ങളും അവിടെനിന്നു പോയി. വാഹനങ്ങളുടെ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ, ആ സമയത്ത് അവിടെയുണ്ടായിരുന്ന വാഹനങ്ങളുടെ ഡാഷ് ബോർഡ് ക്യാമറദൃശ്യങ്ങളും പരിസരത്തെ സെക്യൂരിറ്റി ക്യാമറ ദൃശ്യങ്ങളും നൽകണമെന്ന് ഹാമിൽടൺ പൊലീസ് അഭ്യർഥിച്ചിട്ടുണ്ട്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണോ വെടിവയ്പിനു കാരണമെന്നും അന്വേഷിക്കുന്നുണ്ട്.
ഹർസിമ്രത്തിന്റെ മരണത്തിൽ ദുഃഖമുണ്ടെന്നും നരഹത്യക്കുറ്റത്തിനു കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നും ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സമൂഹമാധ്യമ പോസ്റ്റിൽ അറിയിച്ചു. പെൺകുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ എല്ലാ സഹായവും ചെയ്യുന്നുണ്ടെന്നും പോസ്റ്റിൽ പറയുന്നു. ഹർസിമ്രത്തിന്റെ മരണത്തിൽ കടുത്ത ദുഃഖമുണ്ടെന്നും കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും മൊഹാക് കോളജ് വക്താവ് സീൻ കോഫി അറിയിച്ചു.



