ന്യുമോണിയ ബാധിതനായി ഗുരുതരാവസ്ഥയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുമായി സംസാരിച്ചതിന്റെ സന്തോഷം പങ്കുവച്ച് ഗാസയിലെ ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി. ഫെബ്രുവരി 25 നാണ് മാർപാപ്പയുമായി സംസാരിച്ചതെന്ന് ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

“ഭയാനകമായ യുദ്ധത്തിന്റെ തുടക്കം മുതൽ എല്ലാ ദിവസവും ചെയ്തതുപോലെ, ഫ്രാൻസിസ് മാർപാപ്പ തന്റെ സാമീപ്യം അറിയിക്കാനും, നമുക്കുവേണ്ടി പ്രാർഥിക്കാനും, നമ്മെ അനുഗ്രഹിക്കാനുമായി ഒരിക്കൽ കൂടി നമ്മെ വിളിച്ചിരിക്കുന്നു”- ഫാ. ഗബ്രിയേൽ പങ്കുവച്ചു. തന്റെ ദുർബലമായ ആരോഗ്യസ്ഥിതിയിലും ഗാസയുടെ സമാധാനത്തിനുവേണ്ടി ചിന്തിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന മാർപാപ്പയുടെ നിരന്തരമായ പ്രാർഥനകൾക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദൈവാലയം, ഹമാസും ഇസ്രായേൽ സൈന്യവും തമ്മിലുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ 500 ആളുകൾ താമസിക്കുന്ന ഒരു താൽക്കാലിക അഭയകേന്ദ്രമായിരുന്നു. അവരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികൾ, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് കത്തോലിക്കരാണ്. എന്നാൽ വൈകല്യമുള്ള 50-ലധികം മുസ്ലീം കുട്ടികളെ അവർ കുടുംബത്തോടൊപ്പം സ്വാഗതം ചെയ്തിട്ടുണ്ട്.