ലോകം പുതുവത്സരത്തിലേക്ക് കടന്നിരിക്കുകയാണ്. ആവേശത്തിന് ഒട്ടും കുറവ് വരുത്താതെയാണ് ഇത്തവണ മലായാളികളും പുതുവത്സരത്തെ വരവേറ്റത്. കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്. നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിലാണ്. ഏവര്‍ക്കും സമൃദ്ധിയും സന്തോഷവും നിറഞ്ഞ നവവത്സരം ആശംസിച്ചുകൊണ്ട്nഞങ്ങളും ആഘോഷത്തിൽ പങ്കുചേരുകയാണ്.

ആഘോഷങ്ങളും ആരവങ്ങളും പ്രാർത്ഥനകളുമായി മറ്റൊരു പുതുവർഷം കൂടി എത്തി

വിവിധ വർണങ്ങളിലെ ലൈറ്റ് ഷോയുടെയും കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടുകളുടെയും ചിറകിലേറി എത്തിയ 2026നെ പ്രൗഡ ഗംഭീരമായ വർണക്കാഴ്ചകള്‍ ഒരുക്കിയാണ് ലോകരാജ്യങ്ങള്‍ സ്വീകരിച്ചത്. പുതിയ സ്വപ്നങ്ങള്‍, പുതിയ പ്രതീക്ഷകള്‍, പുതിയ ആവേശങ്ങള്‍.. മനോഹരമായ നിമിഷങ്ങള്‍ക്കായുള്ള കാത്തിരിപ്പ്…

മദ്ധ്യ പസഫിക് സമുദ്രത്തിലെ കിരിബാസ് ദ്വീപിലാണ് സമാധാനത്തിന്റെയും പ്രത്യാശയുടെയും അനുഗ്രഹത്തിന്റെയും പ്രതീകമായി 2026 ആദ്യം എത്തിയത്. 1,19,400 ഓളം പേർ ജീവിക്കുന്ന കിരിബാസ് ദ്വീപില്‍ ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് 3.30ന് പുതുവർഷം പിറന്നു. 4.30ന് ന്യൂസിലൻഡിലും സിഡ്നി അടക്കം ഓസ്ട്രേലിയയുടെ കിഴക്കൻ തീരങ്ങളില്‍ 6.30നും പുതുവർഷമെത്തി. തുടർന്ന് ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്ങ്, സിംഗപ്പൂർ തുടങ്ങിയ ലോകത്തിന്റെ പല ഭാഗങ്ങളിലായി 2026ന്റെ മണി മുഴങ്ങി.

യു.എസിന്റെ കിഴക്കൻ തീരങ്ങളില്‍ ഇന്ത്യൻ സമയം ഇന്ന് രാവിലെ 10.30നും പടിഞ്ഞാറൻ തീരത്ത് ഉച്ചയ്ക്ക് 1.30നുമാണ് പുതുവർഷം എത്തുക. പസഫികിലെ ബേക്കർ, ഹൗലൻഡ് ദ്വീപുകളിലാണ് (രണ്ടിടങ്ങളിലും ജനവാസമില്ല) പുതുവർഷം ഏറ്റവും ഒടുവില്‍ എത്തുക; വൈകിട്ട് 5.30. അതായത്, 26 മണിക്കൂർ കൊണ്ടാണ് ലോകം മുഴുവനായും 2026ലേക്ക് കടക്കുന്നത്.

തലസ്ഥാനത്ത് കോവളമടക്കമുള്ള ഇടങ്ങളിൽ വലിയ ആഘോഷ പരിപാടികളാണ് അരങ്ങേറുന്നത്. തലസ്ഥാന നഗരിക്ക് പുത്തൻ പുതുവത്സര അനുഭവം സമ്മാനിച്ച വെള്ളാറിലെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലെ പാപ്പാഞ്ഞിയും 2026ന്റെ പ്രത്യേകതയാണ്. ക്രാഫ്റ്റ് വില്ലേജിലെ പത്തോളം കലാകാരന്മാര്‍ പത്ത് ദിവസമെടുത്ത് തയ്യാറാക്കിയ കൂറ്റൻ പാപ്പാഞ്ഞിയാണ് തിരുവനന്തപുരത്ത് ഒരുങ്ങിയത്. 40 അടി ഉയരത്തിൽ തയ്യാറാക്കിയ പാപ്പാഞ്ഞി കുട്ടികളെ മുതൽ പ്രായമായവരെ വരെ ആകര്‍ഷിക്കുന്ന തരത്തിലായിരുന്നു രൂപകൽപ്പന.

പുതുവത്സരദിനത്തിൽ അഭയ ഹിരൺമയിയുടെ നേതൃത്വത്തിലുള്ള ഹിരൺമയം ബാൻഡിൻ്റെ സംഗീത വിരുന്ന് തലസ്ഥാനത്ത് അരങ്ങേറി. ഇതോടൊപ്പം ഡിജെ പാർട്ടി, ഫൂഡ് ഫെസ്റ്റ്, ചെണ്ട ഫ്യൂഷൻ, വെടിക്കെട്ട് ഉൾപ്പടെ ആഘോഷ പരിപാടികളും ഒരുക്കിയിരുന്നു. പുതുവര്‍ഷ പുലരിയിൽ വെടിക്കെട്ടിൻ്റെ അകമ്പടിയോടെ പാപ്പാഞ്ഞിയെ കത്തിച്ചാണ് ആഘോഷങ്ങൾക്ക് താൽക്കാലിക സമപനം കുറിച്ചത്.