കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനിടെ ഗാസയില്‍ ബന്ദിയാക്കപ്പെട്ടതായി കരുതുന്ന ഒരു ഇസ്രയേലി-അമേരിക്കന്‍ സൈനികന്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ആക്രമണസമയത്ത് ഇസ്രായേല്‍ പ്രതിരോധ സേനയില്‍ (ഐഡിഎഫ്) ടാങ്ക് പ്ലാറ്റൂണ്‍ കമാന്‍ഡറായി സേവനമനുഷ്ഠിച്ചിരുന്ന ഒമര്‍ മാക്‌സിം ന്യൂട്രയാണ് കൊല്ലപ്പെട്ടത്. തെക്കന്‍ ഇസ്രായേലിലെ ഗാസയ്ക്ക് സമീപമുള്ള നിര്‍ ഓസിന് സമീപം അദ്ദേഹം കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.

ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് ന്യൂട്രയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി. അഗാധമായ ദൗത്യബോധത്തില്‍ വിദേശ രാജ്യത്തേക്ക് കുടിയേറിയ ഒരു ന്യൂയോര്‍ക്കുകാരനായിരുന്നു ന്യൂട്രയെന്ന് കാറ്റ്‌സ് എക്‌സില്‍ കുറിച്ചു. ഏറ്റവും മോശമായ ശത്രുക്കള്‍ക്കെതിരെ ഇസ്രായേല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവന്‍ ബലിയര്‍പ്പിച്ച പോരാളിയാണ് ന്യ്ൂട്രയെന്നും കാറ്റ്‌സ് പറഞ്ഞു.