ട്രംപിന്‍റെ കർശനമായ കുടിയേറ്റ നിയമങ്ങൾ ഇന്ത്യന്‍ വിവാഹ വിപണിയെ വരെ ബാധിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകൾ പറുത്ത് വരുന്നു. പുതിയ നിയമം മൂലം ഇന്ത്യന്‍ വംശജരായ യുഎസ് പൗരന്മാര്‍ തങ്ങളുടെ മക്കളുടെ വിവാഹത്തെ കുറിച്ച് പുനപരിശോധന നടത്തുന്നെന്നാണ് റിപ്പോര്‍ട്ടുകൾ. എച്ച്-1ബി സ്‌കിൽഡ്-വർക്കർ വിസ പ്രോഗ്രാമിന് പിന്നാലെ ഇന്ത്യയിലെ കുടുംബങ്ങൾ തങ്ങളുടെ മക്കളെ നിലവിൽ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുമായി വിവാഹം കഴിപ്പിക്കുന്നതിൽ താൽപ്പര്യം കുറയ്ക്കുന്നതായി ദി സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. പങ്കാളികൾക്ക് ജോലി നഷ്ടപ്പെടുമോ അല്ലെങ്കിൽ ഇമിഗ്രേഷൻ പദവി നഷ്ടപ്പെടുമോ എന്ന ഭയം മൂലമാണ് ഇത്തരമൊരു പുതിയ ചിന്ത ഉണ്ടായതെന്നും മാച്ച് മേക്കർമാരും വരന്മാരും കരുതുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
മാറ്റിവച്ച സ്വപ്നങ്ങൾ
ട്രംപിന്‍റെ ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കിയതിന് പിന്നലെ ഇന്ത്യൻ കുടുംബങ്ങൾ ഇപ്പോൾ കൂടുതൽ ജാഗ്രതയുള്ളവരായി മാറിയിരിക്കുന്നെന്ന് മാച്ച് മേക്കർമാരും അക്കാദമിക് വിദഗ്ധരും പറയുന്നു. കുടിയേറ്റ നിയമങ്ങൾ വാഷിംഗ്ടണില്‍ എഴുതിയതായിരിക്കാമെങ്കിലും വിവാഹങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ഇന്ത്യന്‍ കുടുംബങ്ങളിൽ അതിന്‍റെ അനുരണനങ്ങൾ കാണാമെന്ന് മാച്ച് മേക്കിംഗ് സേവനം വാഗ്ദാനം ചെയ്യുന്ന വോവ്സ് ഫോർ എറ്റേണിറ്റിയുടെ സ്ഥാപകയായ അനുരാധ ഗുപ്ത ദി സ്റ്റാൻഡേർഡിനോട് പറഞ്ഞു.
കണക്കുകൾ
ഇന്ത്യൻ സർക്കാറിന്‍റെ കണക്കുകൾ പ്രകാരം ഏകദേശം 21 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് യുഎസിലുള്ളത്. ലോകത്തിലെ ഏറ്റവും വലിയ പ്രവാസികളിൽ ഒന്നാണ് ഇന്ത്യക്കാർ. ഇന്ത്യന്‍ പ്രവാസികൾ യുഎസിൽ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികളെ തന്നെ വിവാഹം കഴിക്കുന്നത് സാമ്പത്തിക സുരക്ഷയും മെച്ചപ്പെട്ട ജീവിത നിലവാരവും മുന്നിൽ കണ്ടാണ്. എന്നാൽ. പുതിയ വിസാ നിയമത്തോടെ ഇത് വളരെ വേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്‍റെ കണക്കനുസരിച്ച്, 2024-ൽ 71% പേരും ഇന്ത്യക്കാരായിരുന്ന എച്ച്-1ബി വിസ പദ്ധതിയിൽ ട്രംപ് പുതിയ പരിഷ്ക്കരണം പ്രഖ്യാപിച്ചതോടെ ഇത് ഏറ്റവും കുടുതല്‍ ബാധിച്ചത് ഇന്ത്യൻ തൊഴിലാളികളെയായിരുന്നു. ഇതിന്‍റെ അലയൊലികൾ യുഎസിലെ ഇന്ത്യന്‍ സമൂഹങ്ങൾക്കിടയിലെ വിവാഹ വിപണിയിലും പ്രതിഫലിച്ചെന്ന് വനജ റാവു ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ മാനേജിംഗ് ഡയറക്ടർ വനജ റാവു പറയുന്നു. കഴിഞ്ഞ വർഷം വരെ, എൻആർഐകൾക്കും വിദേശത്ത് സ്ഥിരതാമസമാക്കിയ പുരുഷന്മാർക്കും ധാരാളം ഡിമാൻഡായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ നിയമത്തോടെ വലിയ മാന്ദ്യമാണ് ഈ രംഗത്ത് കാണാന്‍ കഴിഞ്ഞതെന്നും കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇത് കൂടുതൽ രൂക്ഷമായെന്നും വനജ റാവു പറയുന്നു.
വരനെ തേടി മറ്റ് രാജ്യങ്ങളിലേക്ക്
അതേസമയം ചില മാച്ച് മേക്കിംഗ് പ്ലാറ്റ്‌ഫോമുകൾ വരന്‍റെ വിസ സ്റ്റാറ്റസ് വധുവിനെയും കുടുംബത്തിനെയും പരിശോധിക്കാന്‍ അനുവദിച്ച് തുടങ്ങിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. മറ്റ് ചില പ്രവാസി ഇന്ത്യക്കാര്‍ യുഎസ് സ്വപ്നം അവസാനിച്ചെന്നും മറിച്ച് പ്രവാസികളായ ഇന്ത്യന്‍ വരന്മാര്‍ക്ക് വേണ്ടി കാനഡ, യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.