പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ, ഇറാന്റെ നടപടികൾ സകല പരിധികളും ലംഘിച്ചതായി ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) വ്യക്തമാക്കി. റിയാദിൽ ചേർന്ന ജിസിസി പ്രതിനിധികളുടെ സുപ്രധാന യോഗത്തിലാണ് സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി ഇറാനെതിരെ അതിരൂക്ഷമായ പ്രതികരണം നടത്തിയത്. ഇതിനിടെ ഐആർജിസി നാവികസേനാ കമാൻഡറെ വധിച്ചുവെന്ന ഇസ്റാഈൽ അവകാശവാദവും പശ്ചിമേഷ്യയെ കൂടുതൽ കലുഷിതമാക്കിയിരിക്കുകയാണ്.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതും ഇതുവഴി കടന്നുപോകാൻ ഫീസ് ഏർപ്പെടുത്തിയതും സമുദ്ര നിയമം സംബന്ധിച്ച യുഎൻ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് അൽ ബുദൈവി ചൂണ്ടിക്കാട്ടി. ചില കപ്പലുകൾ ഇറാൻ തട്ടിക്കൊണ്ടുപോവുകയും ആക്രമിക്കുകയും ചെയ്തു. ഇത് അന്താരാഷ്ട്ര നാവിക ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ജിസിസി രാജ്യങ്ങളിലെ സിവിലിയൻ ലക്ഷ്യങ്ങളെ ഇറാൻ ബോധപൂർവ്വം ആക്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ പൗരന്മാരും പ്രവാസികളുമായ സിവിലിയന്മാർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാനും ജിസിസി രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ വലിയൊരു വഴിത്തിരിവായാണ് ഈ ആക്രമണങ്ങളെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തെ ആകെ എണ്ണ ഉൽപ്പാദനത്തിന്റെ 22 ശതമാനം വരുന്ന 16 ബില്യൺ ബാരൽ ക്രൂഡ് ഓയിൽ ഉൽപ്പാദിപ്പിക്കുന്നത് ജിസിസി രാജ്യങ്ങളാണെന്ന് അൽ ബുദൈവി വ്യക്തമാക്കി. ലോകത്തിന്റെ സാമ്പത്തിക ശ്വാസകോശമായി പ്രവർത്തിക്കുന്ന ഈ രാജ്യങ്ങൾ, പ്രതിദിനം 11.5 ബില്യൺ ബാരൽ ഉപയോഗിച്ച് ആഗോള കയറ്റുമതിയുടെ 27 ശതമാനം കൈകാര്യം ചെയ്യുന്നു. അതിനാൽ തന്നെ ഈ മേഖലയിലെ എണ്ണ ഉൽപ്പാദനത്തിന്റെയും കയറ്റുമതിയുടെയും സ്ഥിരത അന്താരാഷ്ട്ര വിപണിക്ക് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷങ്ങളിൽ മേഖലയിൽ സംയമനം പാലിക്കാനാണ് ജിസിസി രാജ്യങ്ങൾ ശ്രമിച്ചിട്ടുള്ളതെന്ന് സെക്രട്ടറി ജനറൽ വിശദമാക്കി. ഇറാന്റെ നിരന്തരമായ ആക്രമണങ്ങളോട് ഒരിക്കൽപ്പോലും ജിസിസി തിരിച്ചടിച്ചിട്ടില്ല. ഇറാനെതിരെയുള്ള ഏതെങ്കിലും സൈനിക നീക്കങ്ങളിൽ പങ്കുചേരില്ലെന്നും, സ്വന്തം അതിർത്തികൾ അതിനായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും ജിസിസി രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. 2025 ജൂണിൽ ഇസ്റാഈൽ ഇറാനുനേരെ ആക്രമണം നടത്തിയപ്പോൾ ജിസിസി യോഗം ചേർന്ന് നയതന്ത്ര പരിഹാരം ആവശ്യപ്പെടുകയും ആക്രമണത്തെ അപലപിക്കുകയും ചെയ്തിരുന്നു.



