ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെ രജിസ്ട്രെഷൻ വകുപ്പ് അന്വേഷണം. അന്വേഷണത്തിന് തിരുവനന്തപുരം ജില്ലാ രജിസ്ട്രാറെ ചുമതലപ്പെടുത്തികൊണ്ട് നികുതി വകുപ്പ് ഉത്തരവിറക്കി. ഐ എം എ വൻതോതിൽ ജി എസ് ടി തിരിമറി കാട്ടിയെന്ന കേന്ദ്ര ജി എസ് ടി വകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഐഎംഎയ്ക്കെതിരെ അന്വേഷണം നടത്തുന്നത്.കണക്കുകളിൽ തിരിമറി ഉണ്ടോയെന്നും രജിസ്ട്രേഷൻ ചട്ടങ്ങൾ ലംഘിച്ചോയെന്നും അന്വേഷിക്കും. രജിസ്ട്രേഷൻ ഐ ജിയാണ് വിശദ അന്വേഷണം വേണമെന്ന് ശുപാർശ ചെയ്തത്. ഐ എം എ കേരള ഘടകം രജിസ്റ്റർ ചെയ്തത് മുതലുള്ള ബാലൻസ് ഷീറ്റും വരവ് ചെലവ് കണക്കുകളും പരിശോധിക്കണമെന്നാണ് ഉത്തരവ്. ഐ എം എ ക്ക് കീഴിലെ ഇമേജ്, പെപ്സ്, പെരിയാർ ഹൗസ് ഗസ്റ്റ് ഹൗസ് എന്നിവയുടെ വരുമാനവും പരിശോധിക്കും.
1955 ലെ തിരുവിതാംകൂർ – കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാർമിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നിയമപ്രകാരമാണ് ഐ എം എ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉപസ്ഥാപനങ്ങളായ ഇമേജിനും പെപ്സിനും പെരിയാർ ഹൗസിനും രജിസ്ട്രേഷൻ ഇല്ലെന്നാണ് ഐ ജിയുടെ പ്രാഥമിക റിപ്പോർട്ട്. വ്യാപാര താല്പര്യമില്ലാത്ത ചാരിറ്റബിൾ സംഘടനയായി രജിസ്റ്റർ ചെയ്‌തെങ്കിലും ഐ എം എ വൻതോതിൽ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നാണ് ജി എസ് ടി ഇന്റലിജൻസിന്‍റെ കണ്ടെത്തൽ.
ഗസ്റ്റ് ഹൗസും ബാറും അംഗങ്ങൾക്കായി ഇൻഷുറൻസ് പദ്ധതിയും നടത്തുന്നുണ്ട്. എന്നാൽ, പ്രൊഫഷണൽ ക്ലബ് മാത്രമാണെന്ന് വാദിച്ച് ജി എസ് ടി അടക്കുന്നില്ലെന്നുമാണ് റിപ്പോർട്ട്. ഐ എം എക്കെതിരെ കേന്ദ്ര ജി എസ് ടി വകുപ്പ് ഹൈക്കോടതിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.



