ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്. ലോക കാലാവസ്ഥാ സൂചികയെന്നറിയപ്പെടുന്ന ആർട്ടിക്കിന്റെ കാവൽപ്പുര. 80 ശതമാനവും മഞ്ഞു മൂടിയ, വർഷത്തിൽ രണ്ട് മാസം മാത്രം സൂര്യപ്രകാശമെത്തുന്ന ഭൂരിഭാഗം മേഖല. ഒപ്പം പ്രകൃതിവിഭവങ്ങളുടെ അപൂർവ കലവറ. ഗ്രീൻലൻഡ് എന്ന സ്വയംഭരണ പ്രദേശത്തെ ഒറ്റനോട്ടത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ഇവിടേക്ക് ഡൊണാൾഡ് ട്രംപ് വലയെറിഞ്ഞ് കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. ആദ്യം പണംകൊടുത്ത് വാങ്ങാൻ നോക്കി, പിന്നീട് നിരന്തര ഭീഷണി.

വെനസ്വലയിലെ കടന്നുകയറ്റത്തിന് ശേഷം ലഭിച്ച ആത്മവിശ്വാസത്തിൽ തന്റെ പ്രശ്‌നക്കാരായ അയൽക്കാരുടെ പട്ടികയിൽ ഗ്രീൻലൻഡിനേയും ഉൾപ്പെടുത്തിയിരിക്കുകയാണ് ട്രംപ്. മെക്‌സിക്കോ, കൊളംബിയ, ക്യൂബ തുടങ്ങിയ രാജ്യങ്ങളും പട്ടികയിൽ ഉണ്ടെങ്കിലും ആദ്യ ലക്ഷ്യം ഗ്രീൻലൻഡാണ്. താൻ പറയുന്നത് സമാധാനത്തിൽ അനുസരിച്ചില്ലെങ്കിൽ സൈനിക നടപടിയെന്ന ഭീഷണി ട്രംപ് ഉയർത്തുമ്പോൾ അങ്കലാപ്പിലായിരിക്കുന്നത് ഡെന്മാർക്കും ഗ്രീൻലൻഡും മാത്രമല്ല നാറ്റോ കൂടിയാണ്.

കാരണം നാറ്റോയുടെ 12 സ്ഥാപക രാജ്യങ്ങളിൽ ഡെന്മാർക്കിന്റെ ഭാഗമാണ് ഗ്രീൻലൻഡ് എന്നതുകൊണ്ടു തന്നെ ഗ്രീൻലൻഡിന് നേരെയുള്ള അമേരിക്കൻ ഭീഷണിയെ നാറ്റോയ്ക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. സൈനിക നടപടിപോലുള്ള അരുതാത്ത നടപടിക്ക് അമേരിക്കയും ട്രംപും മുതിർന്നാൽ അത് ഒന്നുകിൽ വലിയ സംഘർഷത്തിലേക്ക് കലാശിക്കും അല്ലെങ്കിൽ നാറ്റോയുടെ അവസാനമായിരിക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.

രണ്ടാം ലോകയുദ്ധത്തിനു ശേഷം 1949 ഏപ്രിൽ നാലിനാണ് നാറ്റോ രൂപവത്കരിക്കപ്പെട്ടത്. 12 രാജ്യങ്ങളാണ് സ്ഥാപകാംഗങ്ങൾ. നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്നാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ സൈനികസഖ്യമായ നാറ്റോയുടെ മുഴുവൻ പേര്. 29 യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ നിലവിൽ 32 അംഗങ്ങളാണ് നാറ്റോയിലുള്ളത്. 2024 മാർച്ചിൽ ഫിൻലൻഡും സ്വീഡനുമാണ് ഏറ്റവുമൊടുവിലായി നാറ്റോയിലേക്ക് ചേർന്ന അംഗങ്ങൾ. ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസ് ആണ് ആസ്ഥാനം. നോർത്ത് അറ്റ്ലാന്റിക് അലയൻസ് എന്നും വിളിക്കുന്നുണ്ട്.

നാറ്റോയുടെ ആർട്ടിക്കിൾ അഞ്ചു പ്രകാരം ഏതെങ്കിലുമൊരു സഖ്യ രാജ്യം ആക്രമിക്കപ്പെട്ടാൽ മറ്റുള്ളവർ പ്രതിരോധത്തിനായി എത്തണം. അങ്ങനെയാണ് കരാർ എന്നിരിക്കെ അമേരിക്ക തന്നെ നാറ്റോസഖ്യരാജ്യമായ ഡെന്മാർക്കിലെ ഗ്രീൻലൻഡിൽ ആയുധമെടുത്താൽ മറ്റ് രാജ്യങ്ങൾ യുദ്ധത്തിൽ ഏർപ്പെടേണ്ടി വരും. ഇതാണ് യൂറോപ്യൻ രാജ്യങ്ങളെ ആശങ്കയിലാക്കുന്നത്.

യുക്രൈൻ വിഷയത്തിൽ അടക്കം അമേരിക്ക സ്വീകരിക്കുന്ന ഏകപക്ഷീയമായ നിലപാടിൽ ഇപ്പോൾ തന്നെ പ്രധാന യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയുമായി അകലത്തിലാണ്. കഴിഞ്ഞദിവസം വെനസ്വലയിൽ കടന്നുകയറിയുള്ള ട്രംപിന്റെ നടപടിക്കെതിരേയും യൂറോപ്യൻ രാജ്യങ്ങൾ ശക്തമായി അപലപിച്ചിരുന്നു.

രണ്ടാംലോകമഹായുദ്ധത്തിനു ശേഷം സാമ്പത്തികമായും സൈനികമായും രാഷ്ട്രീയമായും യൂറോപ്യൻ രാജ്യങ്ങൾ തകർച്ചയിലായിരുന്നു. ഈ സാഹചര്യം മുതലാക്കി യൂറോപ്പിലേക്ക് സോവിയറ്റ് യൂണിയന്റെ കടന്നുകയറ്റം തടയുകയായിരുന്നു നാറ്റോ രൂപവത്കരണത്തിന്റെ മുഖ്യലക്ഷ്യം. രണ്ടാം ലോകയുദ്ധത്തിനുശേഷം 1947 മാർച്ച് നാലിന് ഫ്രാൻസും യുകെയും ചേർന്ന് ഡാൻകിർക്ക് ഉടമ്പടിയിൽ ഒപ്പുവെച്ചു. ജർമനിയിൽനിന്നോ സോവിയറ്റ് യൂണിയനിൽനിന്നോ ഒരു ആക്രമണമുണ്ടായാൽ സംയുക്തമായി നേരിടുക എന്നതായിരുന്നു ലക്ഷ്യം.

1948-ൽ ബെൽജിയം, നെതർലൻഡ്സ്, ലക്സംബർഗ് എന്നീരാജ്യങ്ങളും ഇതിൽ ചേർന്നു. പിന്നീട് അമേരിക്ക ഉൾപ്പെടെ ബാക്കി രാജ്യങ്ങൾ കൂടിച്ചേർന്നാണ് നാറ്റോ ഉണ്ടായത്.