കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ (Naveen Babu’s death) സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ തയാറല്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്‍കും. ഹര്‍ജി 12 ന് പരിഗണിക്കാനായി മാറ്റി.

അതേസമയം കോടതി പറയുകയാണെങ്കില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന കോടതിയുടെ ചോദ്യത്തിനാണ് സിബിഐ വാക്കാല്‍ മറുപടി നല്‍കിയത്. അഡ്വ. കെ പി സതീശനാണ് സിബിഐയ്ക്കായി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സത്യവാങ്മൂലം പരിശോധിച്ച് സിബിഐ വിശദമായ മറുപടി 12ന് നല്‍കും. സിബി ഐ അന്വേഷണം ആവശ്യമുണ്ടോ, ശരിയായ ദിശയിലാണോ അന്വേഷണം പോകുന്നത് എന്നാണ് പരിശോധിക്കുന്നതെന്ന് കോടതി പറഞ്ഞു. പക്ഷേ പൊളിറ്റിക്കല്‍ ഇന്‍ഫ്‌ലുവന്‍സ് ഉള്ളതുകൊണ്ടുമാത്രം അന്വേഷണം മോശം ആവണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.