കൊച്ചി: ഇടുക്കിയിൽ ഡി.എം.ഒ. ആയിരുന്ന ഡോ. എൽ. മനോജ് റിസോർട്ട് ഉടമയോട് കൈക്കൂലിയായി ആവശ്യപ്പെട്ട 75,000 രൂപ തന്റെ സുഹൃത്തായ ഡോക്ടറുടെ ഡ്രൈവർക്ക് ഗൂഗിൾ പേ വഴി കൈമാറണം എന്നാണ് പറഞ്ഞത്. ഡി.എം.ഒ. ഇടുക്കിയിലും ഡ്രൈവർ കോട്ടയത്തുമായിരുന്നു. പണം കൈമാറിയെന്ന സന്ദേശം ലഭിക്കുമ്പോൾ ഡ്രൈവറുടെ തൊട്ടരികിലും ഇടുക്കിയിൽ ഡി.എം.ഒ. ഓഫീസിലും വിജിലൻസ് ഉണ്ടായിരുന്നു. പണം കൈമാറിയതിന്റെ സ്ക്രീൻ ഷോട്ട് പരാതി ക്കാരൻ അയച്ചപ്പോൾ ഡി.എം.ഒ.യുടെ ഫോൺ വിജിലൻസിന്റെ കൈവശമായിരുന്നു. തൊട്ടു പിന്നാലെ ആശങ്കയോടെ കോട്ടയത്തുള്ള ഡോക്ടറുടെ വിളിയും ഫോണിലേക്കെത്തി. കൈക്കൂലിക്കേസിൽ ഡി.എം.ഒ.യെ കുടുക്കിയ ശബ്ദിക്കുന്ന ഡിജിറ്റൽ തെളിവുകളായി ഇതെല്ലാം മാറി.

പുതിയ ക്രിമിനൽ നിയമത്തിനാണ് ഇതിന് നന്ദി പറയേണ്ടത്. പുതിയ തെളിവുനിയമമായ ഭാരതീയ സാക്ഷ്യ അധീനിയം (ബി.എസ്.എ.) വകുപ്പ് 68 പ്രകാരം ഡിജിറ്റൽ രേഖകൾ ഇപ്പോൾ തെളിവാണ്. പുതിയ നിയമപ്രകാരം സ്ക്രീൻഷോട്ടും കോൾ റെക്കോഡുമൊക്കെ തെളിവാണ്.

കോടതിയിൽ തെളിയിക്കാനും എളുപ്പം

ഫിനോഫ്തലിൻ പൗഡർ വിതറിയ നോട്ട് നൽകിയാണ് പണം നേരിട്ട് കൈപ്പറ്റുന്ന ‘പരമ്പരാഗത’ കൈക്കൂലിക്കാരെ കുടുക്കുന്നത്. ഇതൊഴിവാക്കാനാണ് കൈക്കൂലിക്കാർ ഡിജിറ്റൽ മാർഗം തിരഞ്ഞെടുത്തത്. ഡ്രൈവർ അടക്കമുള്ളവരുടെ അക്കൗണ്ടിലേക്കും ചിട്ടിയിലേക്കും എൽ.ഐ.സി. പോളിസിയിലേക്കുമൊക്കെ പണം അടയ്ക്കാനാണ് ഇവർ ആവശ്യപ്പെടുന്നത്. ഫിനോഫ്തലിൻ പൗഡർ വിതറിയ നോട്ടിനെക്കാൾ ശക്തമാണ് കൈമാറ്റങ്ങൾ സ്ഥിരീകരിക്കുന്ന ഡിജിറ്റൽ തെളിവുകളെന്ന് നിയമവിദഗ്ധർ പറയുന്നു. സംഭാഷണം റെക്കോഡ് ചെയ്തും ബട്ടൻ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയും പരാതിക്കാരും മികവ് തെളിയിച്ചാൽ കാര്യങ്ങൾ പിന്നെയും കുരുങ്ങും.

സുപ്രീംകോടതി പറഞ്ഞത്

നീരജ് ദത്ത കേസിൽ സു പ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് കൈക്കൂലിക്കേസിൽ നേരിട്ടുള്ള തെളിവുകൾ ഇല്ലെങ്കിലും പ്രതികളെ ശിക്ഷിക്കാം എന്ന് വ്യ ക്തമാക്കിയിട്ടുണ്ട്. പരാതിക്കാരൻ പിൻമാറിയാലും കൈക്കൂലി കേസിൽ പിടിയിലാകുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ കഴിയുമെന്നാണ് ഈ ഉത്തരവ് വ്യക്തമാ ക്കുന്നത്. ഡിജിറ്റൽ കൈക്കൂലിക്കാരെ കുടുക്കാൻ ഇതും സഹായകമാണ്.