മുൻനിര ടെക്ക് കമ്പനികളിൽ അവസരം ലഭിക്കാൻ കംപ്യൂട്ടർ സയൻസിൽ ബിരുദം മാത്രമുണ്ടായിട്ട് കാര്യമില്ലെന്ന് ഗൂഗിൾ ആൻഡ്രോയിഡ് വൈസ് പ്രസിഡന്റ് സമീർ സമത്. ഔദ്യോഗിക വിദ്യാഭ്യാസത്തിനപ്പുറത്ത് ഉദ്യോഗാർഥികൾ അവർക്ക് താത്പര്യമുള്ള മേഖലയിൽ ആഴത്തിലുള്ള വൈദഗ്ധ്യം ഉണ്ടാക്കേണ്ടതുണ്ടെന്ന് ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

കംപ്യൂട്ടർ സയൻസിന് റീബ്രാൻഡിങ് അത്യാവശ്യമാണെന്ന് അദ്ദേഹം പറയുന്നു. കേവലം ജാവ പോലുള്ള പ്രോഗ്രാമിങ് ഭാഷ മാത്രം പഠിച്ചാൽ മതിയെന്ന തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. നിങ്ങൾ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനൊരു ബിരുദം വേണമെന്നില്ല. അദ്ദേഹം പറഞ്ഞു. യഥാർത്ഥ കംപ്യൂട്ടർ സയൻസ് വിദ്യാഭ്യാസം കോഡിങ് കഴിവുകളേക്കാൾ ഉപരി പ്രശ്നപരിഹാര രീതികൾ, സിസ്റ്റം ഡിസൈൻ, കൊളാബൊറേറ്റീവ് അപ്രോച്ചുകൾ എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

സാൻ ഡിയാഗോയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ആളാണ് സമത്. കംപ്യൂട്ടർ സയൻസ് കേവലം സാങ്കേതികമായ കാര്യനിർവഹണത്തേക്കാൾ പ്രശ്ന പരിഹാരത്തിന്റെ ശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. കോഡിങ് ഇപ്പോഴും പ്രധാനപ്പെട്ടത് തന്നെയാണ്. എങ്കിലും, സങ്കീർണ്ണമായ പ്രശ്നങ്ങൾ തകർക്കുക, സ്കെയിലബിൾ സിസ്റ്റങ്ങൾ രൂപകൽപ്പന ചെയ്യുക, ടീമുകളിൽ ഫലപ്രദമായി പ്രവർത്തിക്കുക എന്നിവയാണ് കമ്പ്യൂട്ടർ സയൻസ് വിദ്യാഭ്യാസത്തിന്റെ പ്രധാന മൂല്യങ്ങളെന്ന് സമീർ സമത് അഭിപ്രായപ്പെട്ടു.

അടിസ്ഥാന പ്രോഗ്രാമിങ് ജോലികളെല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓട്ടോമേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കംപ്യൂട്ടർ സയൻസിൽ ബിരുദം എടുക്കുന്നതിന്റെ പ്രായോഗികത ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അടിസ്ഥാന കോഡിങ് ജോലികളെല്ലാം എഐ ടൂളുകൾ ഇപ്പോൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇത് ചില ബിരുദ ധാരികൾക്ക് സ്ഥിരം ജോലി ലഭിക്കുന്നതിനും ഇന്റേൺഷിപ്പ് ലഭിക്കുന്നതിനും വെല്ലുവിളിയായിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് സമീർ സമതിന്റെ ഉപദേശം പ്രസക്തമാവുന്നത്. അക്കാദമിക നേട്ടത്തേക്കാളുപരി പ്രത്യേക മേഖലയിൽ വൈദഗ്ദ്യം സിദ്ധിച്ചവരേയാണ് മുൻനിര ടെക്ക് കമ്പനികൾ ആവശ്യപ്പെടുന്നതെന്ന് സമത് പറഞ്ഞു. കംപ്യൂട്ടർ സയൻസ് പഠിച്ചത് കൊണ്ട് മാത്രം ഭാവിയിൽ തൊഴിലുടമകളെ ആകർഷിക്കാൻ സാധിച്ചെന്ന് വരില്ല. കംപ്യൂട്ടർ സയൻസിന് പുറത്ത് പ്രത്യേക മേഖലകളിൽ വൈദഗ്ദ്യം നേടണം. എങ്കിലും അടിസ്ഥാന പ്രോഗ്രാമിങ് ഭാഷകൾ പഠിക്കേണ്ടത് തന്നെയാണെന്ന് അദ്ദേഹം ആവർത്തിച്ച് പറയുന്നു.