ഓഹരി വിപണിയിലെ തകർച്ച തുടരുന്നതിനിടെ സ്വർണ്ണ-വെള്ളി വിപണിയിൽ അഭൂതപൂർവ്വമായ കുതിപ്പ്. സാധാരണയായി സ്വർണ്ണ വിലയിൽ ഉണ്ടാകാറുള്ള ചെറിയ മാറ്റങ്ങളിൽ നിന്ന് വിഭിന്നമായി, ഒറ്റദിവസം കൊണ്ട് പത്ത് ഗ്രാം സ്വർണ്ണത്തിന് 16,000 രൂപയോളമാണ് വർദ്ധിച്ചത്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (MCX) വെള്ളി വില കിലോയ്ക്ക് 20,000 രൂപയിലധികം ഉയർന്ന് 4 ലക്ഷം എന്ന ചരിത്ര നാഴികക്കല്ല് പിന്നിട്ടു.
വ്യാഴാഴ്ചത്തെ വ്യാപാരത്തിൽ വെള്ളി വില 4,06,642 രൂപ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. സ്വർണ്ണം 15,900 രൂപ ഉയർന്ന് പത്ത് ഗ്രാമിന് 1,93,096 രൂപയായി. കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില ചരിത്രത്തിലാദ്യമായി 1,31,000 രൂപ കടന്നു. ഈ അപ്രതീക്ഷിത കുതിച്ചുചാട്ടം കണ്ട് അമ്പരന്നിരിക്കുകയാണ് നിക്ഷേപകരും വ്യാപാരികളും.



