സംസ്ഥാനത്തെ സ്വർണ്ണവിലയിലെ കുതിപ്പ് തുടരുകയാണ്. ഓരോ ദിവസം കൂടുംതോറും പുതിയ റെക്കോർഡുകൾ കുറിച്ചുകൊണ്ട് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണ്ണവ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപയുടെ വർദ്ധനവുണ്ടായതിന് പിന്നാലെയാണ് ഇന്ന് വില വീണ്ടും ഉയർന്നത്. ആഗോള വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളുമാണ് കേരളത്തിലെ സ്വർണ്ണവിപണിയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നത്.

ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,14,080 രൂപയായി ഉയർന്നു. ഗ്രാമിന് 20 രൂപ കൂടി 14,260 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരത കാരണം നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് തിരിയുന്നതാണ് ആഗോളതലത്തിൽ വില ഉയരാൻ പ്രധാന കാരണമാകുന്നത്.