സ്വര്‍ണത്തിന്റെ വിലയാണ് ഇപ്പോള്‍ സമൂഹത്തിലെ പ്രധാനസംസാര വിഷയങ്ങളിലൊന്ന്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ സ്വര്‍ണവില. കോടീശ്വരന്മാരായ വ്യവസായികളെ മുതല്‍ സാധാരണക്കാരെ വരെ ബാധിക്കുന്ന സ്വര്‍ണവില വര്‍ധനവിനെ വാഹനങ്ങളുടെ വിലയുമായി ബന്ധിപ്പിക്കുന്ന കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍പിജി എന്റര്‍പ്രൈസസിന്റെ ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക.

1990 മുതല്‍ ഒരു കിലോഗ്രാം സ്വര്‍ണത്തിന്റെ വിലയ്ക്ക് തുല്യമായ കാറുകളെ കുറിച്ചാണ് അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നത്. ഒരു കിലോഗ്രാം സ്വര്‍ണത്തിന് ഇപ്പോള്‍ 1.25 കോടി രൂപയാണ് വിലയെന്നും അതുകൊണ്ടുതന്നെ ഈ വിലയ്ക്ക് ഇപ്പോള്‍ ഒരു ലാന്‍ഡ് റോവര്‍ ലഭിക്കുമെന്നുമാണ് അദ്ദേഹം പങ്കുവെച്ച കുറിപ്പിലുള്ളത്. വരും വര്‍ഷങ്ങളില്‍ സ്വര്‍ണത്തിന്റെ വിലയില്‍ ഇനിയും വലിയ തോതില്‍ വര്‍ധനവുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

1990-ല്‍ ഒരു കിലോഗ്രാം സ്വര്‍ണത്തിന്റെ വിലയും ഒരു മാരുതി 800-ന്റെ വിലയും സമമായിരുന്നു. 2000-ത്തില്‍ ഒരു കിലോ സ്വര്‍ണത്തിന്റെ വില ഒരു എസ്റ്റീമിന്റെ വിലയ്‌ക്കൊപ്പമായി. 2005-ല്‍ ഒരു കിലോ സ്വര്‍ണത്തിന്റെ വില ഇന്നോവയുടെ വിലയോളമായി. 2010-ല്‍ ടൊയോട്ട ഫോര്‍ച്യൂണറിനും ഒരുകിലോ സ്വര്‍ണത്തിനും ഒരേ വിലയായി. 2019-ല്‍ ഒരു കിലോ സ്വര്‍ണത്തിന്റെ വിലയ്ക്ക് ഒരു ബിഎംഡബ്ല്യു ലഭിക്കുമെന്ന സ്ഥിതിയായി. 2025 ആയപ്പോഴേക്കും ഒരു കിലോ സ്വര്‍ണത്തിന്റെയും ലാന്‍ഡ് റോവര്‍ കാറിന്റെയും വില ഒരുപോലെയാണ്. ഇങ്ങനെ പോയാല്‍ 2030-ല്‍ ഒരു കിലോ സ്വര്‍ണത്തിന്റെ വിലയ്ക്ക് ഒരു റോള്‍സ് റോയിസും 2040-ല്‍ പ്രൈവറ്റ് ജെറ്റും വാങ്ങാനാകുമെന്നും അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നു.

ലാന്‍ഡ് റോവറിന്റെ വാഹന നിരയിലെ എസ്‌യുവി മോഡലായ ഡിഫന്‍ഡറിന്റെ 90, 110 മോഡലുകള്‍ക്ക് ഒരു കോടി രൂപയ്ക്ക് മുകളിലാണ് വില വരുന്നത്. ഇന്ത്യയിലെ ഇന്നത്തെ സ്വര്‍ണവില അനുസരിച്ച 24 കാരറ്റ് സ്വര്‍ണത്തിന് ഒരു കിലോഗ്രാമിന് 1.25 കോടി രൂപയാണ് വില. അതേസമയം, 22 കാരറ്റ് സ്വര്‍ണത്തിന് കിലോഗ്രാമിന് ഏകദേശം 1.20 കോടി രൂപയാണ് വില വരുന്നത്.