ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകളാണ് സ്വര്‍ണവിലയുടെ കുതിച്ചുചാട്ടത്തിന് ഉത്തരവാദികളെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ‘ലോകമെമ്പാടും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം കൂടുതലായി വാങ്ങിച്ചു കൂട്ടുകയാണ്. ഇതാണ് വില കുതിച്ചുയരുന്നതിന് കാരണം’- ആര്‍ബിഐ ബോര്‍ഡിനെ അഭിസംബോധന ചെയ്ത ശേഷം വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി പറഞ്ഞു.
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതുക്കിയ ആഗോള താരിഫ് ഭീഷണികളും കാരണം സ്വര്‍ണ വില കുതിച്ചുയരുന്നത് തുടരുകയാണ്. കേരളത്തില്‍ ഒരു ലക്ഷത്തിന് മുകളിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ഓരോ ചലനവും കേന്ദ്ര സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ധനമന്ത്രി പറഞ്ഞു. ഉത്സവകാല ഡിമാന്‍ഡ് സമയത്ത് സ്വര്‍ണവില ഉയരാറുണ്ട്. എന്നാല്‍ പരിധികള്‍ ലംഘിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.’പരമ്പരാഗതമായി സ്വര്‍ണം ഒരു ഗാര്‍ഹിക നിക്ഷേപമാണ്. ഉത്സവകാലങ്ങളില്‍ പലപ്പോഴും സീസണല്‍ കുതിച്ചുചാട്ടം കാണാറുണ്ട്. ഞങ്ങള്‍ ഈ പ്രവണത നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ വിലകള്‍ ഒരു പ്രത്യേക പരിധിക്കപ്പുറം പോയിട്ടില്ല. ആഗോളതലത്തില്‍ വിലയിലെ ചലനങ്ങള്‍ക്ക് കാരണം ഉപഭോക്തൃ പെരുമാറ്റമല്ല. മറിച്ച് ഔദ്യോഗിക മേഖലയിലെ ഡിമാന്‍ഡാണ്.
ഇന്ന് മിക്ക രാജ്യങ്ങളും, പ്രത്യേകിച്ച് അവരുടെ കേന്ദ്ര ബാങ്കുകള്‍, സ്വര്‍ണവും വെള്ളിയും വാങ്ങി സൂക്ഷിക്കുന്നു. ചൈനയും ഇന്ത്യയും സ്വര്‍ണത്തിന്റെ വലിയ ഉപഭോക്താക്കളായതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണത്തിന്റെയോ വെള്ളിയുടെയോ വില വര്‍ദ്ധിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ കുതിച്ചുചാട്ടത്തിന് കാരണം കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങുകയും സംഭരിക്കുകയും ചെയ്യുന്നതാണ്,’- ധനമന്ത്രി പറഞ്ഞു. സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ടെങ്കിലും സമീപ മാസങ്ങളില്‍ സ്വര്‍ണ്ണ ഇറക്കുമതി ഓര്‍ഡറുകളുടെ മൊത്തത്തിലുള്ള മൂല്യം വര്‍ദ്ധിച്ചിട്ടില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.



