കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പാളി സ്വർണം പൂശാൻ കൊണ്ടുപോയപ്പോൾ സ്വർണവും ചെമ്പും വേർതിരിച്ചെന്നും സ്വർണത്തിന്റെ പകുതി മാത്രമാണ് പൂശിയതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ദ്വാരപാലക ശില്പവും അനുബന്ധ ഫ്രെയിമുകളും സ്വർണം പൂശാനായി എത്തിച്ചപ്പോൾ രാസലായനിയിൽ മുക്കി ചെമ്പും സ്വർണവും വേർതിരിച്ചു. 989 ഗ്രാം സ്വർണമാണ് വേർതിരിച്ചെടുത്തത്. ഇതിൽ പകുതി സ്വർണം മാത്രമാണ് പൂശിയത്. 404.8 ഗ്രാം സ്വർണമാണ് ഇതിനായി ഉപയോ​ഗിച്ചത്. സ്മാർട്ട് ക്രിയേഷൻസിന് 109.243 ഗ്രാം സ്വർണവും കൈമാറി. പിന്നീട് 474.9 ഗ്രാം സ്വർണം മിച്ചമുണ്ടായിരുന്നതായും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ബാക്കി സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചു. എന്നാൽ, അത് ബോർഡിനെ തിരിച്ചേൽപ്പിച്ചിട്ടില്ലെന്ന് വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നു.

ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണ കവചം മാറ്റിയതുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷ്യൽ കമീഷണർ റിപ്പോർട്ടിനെ തുടർന്ന് സ്വമേധയാ എടുത്ത നടപടിയാണ് ഇത്. എക്സിക്യൂട്ടീവ് ഓഫീസറുടെ കത്തിൽ വാതിൽ കവചങ്ങളെ സ്വർണ്ണം പൊതിഞ്ഞ ചെമ്പുപാളികൾ എന്നാണ് രേഖപ്പെടുത്തിയത്. എന്നാൽ ദേവസ്വം കമ്മീഷണറുടെ ശുപാർശയിൽ വസ്തുക്കളെ ചെമ്പുപാളികൾ എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. ബോർഡ് തീരുമാനത്തിലും പിന്നീട് തയ്യാറാക്കിയ മഹസറിലും ഇവയെ ചെമ്പുപാളികൾ എന്നാണ് രേഖപ്പെടുത്തിയത്. സ്വർണ്ണം പൊതിഞ്ഞ പാളികൾ എന്നില്ല. ഈ പൊരുത്തക്കേട് അതീവ ഗൗരവമുള്ളതെന്ന് കോടതി ഉത്തരവിൽ പറയുന്നു. സൈഡ് ഫ്രെയിമുകളിൽ നിന്നും ദ്വാരപാലകങ്ങളിൽ നിന്നും മറ്റ് 14 ഇനങ്ങളിൽ നിന്നുമായി ആകെ 989 ഗ്രാം സ്വർണ്ണം വേർതിരിച്ചെടുത്തു എന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇവ സ്വർണം പൂശാനായി എത്തിച്ചപ്പോൾ രാസലായനിയിൽ മുക്കി ചെമ്പും സ്വർണവും വേർതിരിച്ചു. 989 ഗ്രാം സ്വർണ്ണമാണ് വേർതിരിച്ചെടുത്തത്. സ്വർണ്ണം പൂശാൻ 404.8 ഗ്രാം ഉപയോഗിച്ചു. പ്രതിഫലമായി സ്മാർട്ട് ക്രിയേഷൻസിന് 109.243 ഗ്രാം സ്വർണ്ണവും കൈമാറി. പിന്നാലെ 474.9 ഗ്രാം സ്വർണ്ണം മിച്ചമുണ്ടായിരുന്നു. ഇത് ഉണ്ണികൃഷ്ണൻ പോറ്റിയെ തിരിച്ചേൽപ്പിച്ചിരുന്നു. എന്നാൽ ഇത് ബോർഡിനെ ഏൽപ്പിച്ചിട്ടില്ലെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ 21ന് കേസ് വീണ്ടും പരി​ഗണിക്കും.