സുഡാനിലെ അൽ-ഫാഷിർ നഗരം പിടിച്ചെടുക്കുന്നതിനിടയിൽ ആർഎസ്എഫ് സൈന്യം നടത്തിയ അതിക്രമങ്ങൾ യുദ്ധക്കുറ്റങ്ങളും മാനവരാശിക്കെതിരെയുള്ള കുറ്റകൃത്യങ്ങളും ആണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. 2025 ഒക്ടോബറിൽ നഗരം പിടിച്ചടക്കിയപ്പോൾ നടന്ന കൂട്ടക്കൊലകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്.

2025 ഒക്ടോബർ അവസാന വാരത്തിൽ നടന്ന മൂന്ന് ദിവസത്തെ ആക്രമണത്തിനിടയിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും സ്ത്രീകൾ ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുകയും ചെയ്തതായി യുഎൻ അന്വേഷണ സംഘം കണ്ടെത്തി. ആർഎസ്എഫ് നടത്തിയത് കേവലം യുദ്ധമല്ലെന്നും, മറിച്ച് ഒരു പ്രത്യേക വംശത്തെ ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അവർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചതായും അവർ അറിയിച്ചു.

ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണ കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അന്തിമ കരട് സുഡാൻ സർക്കാരിന് കൈമാറിയെങ്കിലും ഇതിനോട് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതുപോലെ തന്നെ, ആർഎസ്എഫ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്താൻ യുഎൻ ദൗത്യം ശ്രമിച്ചെങ്കിലും അവരിൽ നിന്നും മറുപടിയൊന്നും ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.