അമേരിക്കയുമായുള്ള സൈനിക സംഘർഷ സാധ്യത നിലനിൽകുന്ന സാഹചര്യത്തിൽ ഇറാനിൽ ആഭ്യന്തര പ്രക്ഷോഭവും ശക്തമാകുന്നു. ഭരണകൂടത്തിന്റെ ആണവ നയങ്ങൾക്കെതിരെയും പ്രക്ഷോഭകാരികളെ അടിച്ചമർത്തുന്നതിനെതിരെയും ഇറാനിലെ ജെൻ സികൾ തെരുവിലിറങ്ങിയതോടെ രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നാണ് റിപ്പോർട്ട്. തുടർച്ചയായ രണ്ടാം ദിവസവും ടെഹ്റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ സർവ്വകലാശാലകളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി ഒത്തുകൂടിയത്.
തലസ്ഥാനമായ ടെഹ്റാനിലെ ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ഉൾപ്പെടെയുള്ള മൂന്ന് പ്രധാന സർവ്വകലാശാലകളിൽ അതീവ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുൻപുണ്ടായിരുന്ന രാജഭരണത്തിന്റെ പതാകകൾ ഉയർത്തിക്കാട്ടിയായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. ‘ഡെത്ത് ടു ദി ഷാ’ എന്നതുൾപ്പെടെയുള്ള ഭരണകൂട വിരുദ്ധ മുദ്രാവാക്യങ്ങൾ ക്യാമ്പസുകളിൽ മുഴങ്ങിക്കേട്ടു. പലയിടങ്ങളിലും വിദ്യാർത്ഥികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ഡിസംബറിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് പ്രക്ഷോഭങ്ങൾ ആരംഭിച്ചതെങ്കിലും, അധികം വൈകാതെ അത് ഭരണകൂടത്തിനെതിരെയുള്ള വൻ ജനകീയ മുന്നേറ്റമായി മാറുകയായിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സൈന്യം നടത്തിയ നീക്കങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തെച്ചൊല്ലി വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. 3,000 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുമ്പോൾ, മനുഷ്യാവകാശ സംഘടനയായ എച്ച്.ആർ.എ.എൻ.എ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 7,000-ത്തിലധികം ആളുകൾ ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണക്കാരായ പ്രതിഷേധക്കാരാണ്.



