ഗാസയില്‍ വ്യോമ മാര്‍ഗം വിതരണം ചെയ്ത സഹായ വസ്തുക്കള്‍ ഭക്ഷണപ്പെട്ടി ശരീരത്തില്‍ വീണാണ് 15 കാരന്‍ മരിച്ചത്. മുഹന്നദ് സക്കറിയ എന്ന 15കാരനാണ് ഭക്ഷണമടങ്ങിയ പെട്ടി ശരീരത്തില്‍ വീണ്കൊല്ലപ്പെട്ടത്. രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. 

മധ്യ ഗാസയിലെ നെറ്റ്സാരിം മേഖലയില്‍ ശനിയാഴ്ചയായിരുന്നു ദുരന്തമുണ്ടായതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നുസൈറത്തിലെ അല്‍-ഔദ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. 

കരമാര്‍ഗം ഗാസയിലേക്ക് സഹായ വസ്തുക്കള്‍ എത്തിക്കുന്നത് ഇസ്രയേല്‍ തടഞ്ഞ പശ്ചാത്തലത്തില്‍ ആയിരുന്നു വിവിധ അറബ് രാജ്യങ്ങള്‍ വ്യോമമാര്‍ഗം സഹായം വിതരണം ആരംഭിച്ചത്. എയര്‍ ഡ്രോപ് രീതി അപകടകരവും കാര്യക്ഷമമല്ലാത്തതും ചെലവേറിയതുമാണെന്ന് ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ദുരന്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

സഹായവസ്തുക്കള്‍ ശേഖരിക്കാന്‍ പോയ കുട്ടിയുടെ ശരീരത്തില്‍ വിമാനത്തില്‍ നിന്നും താഴേക്ക് നിക്ഷേപിച്ച ബോക്സ് നേരിട്ട് പതിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അതേസമയം, ഗാസയിലെ ഭക്ഷണ പ്രതിസന്ധിയുടെ ഇരകൂടിയാണ് കൊല്ലപ്പെട്ട പതിനഞ്ചുകാരന്‍ എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മേഖലയിലെ പട്ടിണി മരണങ്ങള്‍ ഉള്‍പ്പെടെ ഇക്കാര്യം വ്യക്തമാക്കുന്നു. 

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഗാസയ്ക്ക് മേലുള്ള സൈനിക നീക്കം ആരംഭിച്ചതിനുശേഷം പോഷകാഹാരക്കുറവ് മൂലം മേഖലയില്‍ 98 കുട്ടികള്‍ ഉള്‍പ്പെടെ 212 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇക്കഴിഞ്ഞ മെയ് മുതലാണ് ഗാസയിലെ പട്ടിണി മരണങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ന്നത്.