അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിക്കുന്ന വീഡിയോകളും വാർത്തകളും ടിക് ടോക് ബോധപൂർവം സെൻസർ ചെയ്യുന്നതായി കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ആരോപിച്ചു. ട്രംപിനെതിരായ ഉള്ളടക്കങ്ങൾ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്യുന്നതായും പ്രചാരം കുറയ്ക്കുന്നതായും ഗവർണറുടെ ഓഫീസ് വ്യക്തമാക്കുന്നു. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിനോട് അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ ഇത്തരം നിയന്ത്രണങ്ങൾ സംസ്ഥാന നിയമങ്ങളുടെ ലംഘനമാണോ എന്ന് പരിശോധിക്കാനാണ് തീരുമാനം. ട്രംപുമായി അടുത്ത ബന്ധമുള്ള ബിസിനസ് ഗ്രൂപ്പുകൾക്ക് ടിക് ടോക്കിന്റെ ഉടമസ്ഥാവകാശത്തിൽ പങ്കാളിത്തം ലഭിച്ചതിന് പിന്നാലെയാണ് ഈ മാറ്റങ്ങൾ ഉണ്ടായതെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾ ജനാധിപത്യപരമായ സംവാദങ്ങളെ തടയുന്നതാണെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ കുറ്റപ്പെടുത്തി.
എന്നാൽ ഈ ആരോപണങ്ങൾ ടിക് ടോക് അധികൃതർ നിഷേധിച്ചിരിക്കുകയാണ്. ആപ്പിൽ നിലവിൽ അനുഭവപ്പെടുന്ന സാങ്കേതിക തകരാറുകൾ മൂലമാണ് ചില പോസ്റ്റുകൾക്ക് നിയന്ത്രണം നേരിട്ടതെന്ന് അവർ വിശദീകരിച്ചു. ഡാറ്റാ സെന്ററിലുണ്ടായ വൈദ്യുതി തടസ്സത്തെത്തുടർന്നുള്ള സിസ്റ്റം പരാജയമാണ് ഇതിന് കാരണമെന്നാണ് കമ്പനിയുടെ വാദം. ഈ സാങ്കേതിക പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അവർ അറിയിച്ചു.
ട്രംപ് അനുകൂലികളായ നിക്ഷേപകർ കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തതിൽ പല ഉപയോക്താക്കളും നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ടിക് ടോക്കിന്റെ അമേരിക്കൻ ബിസിനസ് നിലനിർത്താൻ അടുത്തിടെ പുതിയ കരാറുകൾ ഒപ്പിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ കടുത്ത നടപടി വന്നിരിക്കുന്നത്. ഈ വിഷയം അമേരിക്കയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.



