വിവാഹ മോചനത്തെക്കുറിച്ച് നടി ഗൗതമി നായര്‍. ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടാല്‍ പിരിയുന്നതില്‍ തെറ്റില്ലെന്നാണ് ഗൗതമി പറയുന്നത്. 2017 ലാണ് ഗൗതമി സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയായിരുന്നു.

ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗതമി വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചത്. പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാമായിരുന്നില്ലേ എന്ന് വീട്ടുകാര്‍ ചോദിച്ചിട്ടുണ്ടെന്നാണ് ഗൗതമി പറയുന്നത്. എന്നാല്‍ ശ്രമിച്ചിട്ടും ഒരുമിച്ച് പോകാന്‍ സാധിക്കില്ലെന്ന് കണ്ടതോടെ പിരിയുകയായിരുന്നുവെന്നും താരം പറയുന്നു.

”പരിഹസിച്ച് തീര്‍ക്കാമായിരുന്നില്ലേ എന്ന് അച്ഛനും അമ്മയുമൊക്കെ പറഞ്ഞിരുന്നു. പക്ഷെ, നിങ്ങള്‍ രണ്ടു പേരും ആ റിലേഷന്‍ഷിപ്പില്‍ ട്രൈ ചെയ്തിട്ടും ഹാപ്പി അല്ലെങ്കില്‍ രണ്ടു പേരുടേയും സമയം കളയുന്നതില്‍ കാര്യമില്ല. മുന്നോട്ട് പോകുന്നതിലും ജീവിതം പങ്കിടാന്‍ മറ്റൊരാളെ കണ്ടെത്തുന്നതിലും ഒരു തെറ്റുമില്ല. വീട്ടുകാരൊക്കെ പറഞ്ഞു നോക്കിയിരുന്നു. എന്റെ അച്ഛനും അമ്മയ്ക്കും ഇപ്പോഴും അറിയില്ല ഞങ്ങള്‍ക്കിടയിലെ പ്രശ്‌നം എന്താണെന്ന്.” ഗൗതമി പറയുന്നു.

”പ്രശ്‌നങ്ങള്‍ വേണമെന്നില്ല പിരിയാന്‍. ജീവിതത്തില്‍ നിന്നും ഞാന്‍ ആഗ്രഹിക്കുന്നതും അദ്ദേഹം ആഗ്രഹിക്കുന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്. രണ്ട് പേര്‍ക്കും അധികം പ്രായവും ഉണ്ടായിരുന്നില്ല. അതിനാല്‍ സുഹൃത്തുക്കളായി മാത്രം തുടരാമെന്ന് കരുതി. അതുകൊണ്ട് ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ്.” എന്നും താരം പറയുന്നു.

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ഗൗതമി കരിയര്‍ ആരംഭിക്കുന്നത്. കരിയറില്‍ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം തിരികെ വരികയാണ് ഗൗതമി. കാക്കി സര്‍ക്കസ് വെബ് സീരീസിലാണ് ഗൗതമി ഈയ്യടുത്ത് അഭിനയിച്ചത്. ഏപ്രില്‍ 10 ല്‍ സീ ഫൈവിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചത്.