ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീർ വ്യാഴാഴ്ച (ജനുവരി 22) പങ്കുവെച്ച ട്വീറ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നാഗ്പൂരിൽ ന്യൂസിലൻഡിനെതിരായ ആദ്യ ടി20 വിജയത്തിന് പിന്നാലെയാണ്, ടീമിന് മേൽ തനിക്ക് പൂർണ്ണ നിയന്ത്രണമില്ലെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണം ഗംഭീറിൽ നിന്ന് ഉണ്ടായത്. കോൺഗ്രസ് എംപി ശശി തരൂർ ഗംഭീറിനെ പ്രധാനമന്ത്രിയോട് ഉപമിച്ച് ഇട്ട പോസ്റ്റിന് പിന്നാലെയായിരുന്നു ഈ പ്രതികരണം.

നാഗ്പൂരിൽ വെച്ച് തന്റെ പഴയ സുഹൃത്തായ ഗൗതം ഗംഭീറിനെ കണ്ടുവെന്നും ടീമിനെക്കുറിച്ച് തുറന്ന സംസാരം നടത്തിയെന്നും ശശി തരൂർ എക്സിൽ കുറിച്ചിരുന്നു. “നാഗ്പൂരിൽ ഗൗതം ഗംഭീറുമായി നല്ലൊരു ചർച്ച നടത്തി. ഇന്ത്യയിൽ പ്രധാനമന്ത്രി കഴിഞ്ഞാൽ ഏറ്റവും പ്രയാസമേറിയ ജോലിയാണ് അദ്ദേഹം ചെയ്യുന്നത്. ദശലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തെ നിത്യവും ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹം ശാന്തനായി മുന്നോട്ട് പോകുന്നു. അദ്ദേഹത്തിന്റെ നേതൃപാടവത്തെയും നിശ്ചയദാർഢ്യത്തെയും അഭിനന്ദിക്കുന്നു,” എന്നായിരുന്നു തരൂരിന്റെ വാക്കുകൾ.