വെളുത്തുള്ളി അടുക്കളയിലെ ഒരു അവിഭാജ്യ ഘടകമാണ്. ഭക്ഷണത്തിന് രുചി കൂട്ടുന്നതിനൊപ്പം നിരവധി ആരോഗ്യ ഗുണങ്ങളും വെളുത്തുള്ളിക്ക് ഉണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വെളുത്തുള്ളി സഹായിക്കും.
എന്നാൽ അമിത ഉപയോഗം നെഞ്ചെരിച്ചിൽ, അസിഡിറ്റി, ദുർഗന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. വെളുത്തുള്ളി കഴിക്കുമ്പോൾ അതിന്റെ തൊലി കഴിക്കണോ വേണ്ടയോ എന്ന സംശയം പലർക്കുമുണ്ട്.
വെളുത്തുള്ളി തൊലി
ഹോളിസ്റ്റിക് ഡയറ്റീഷ്യൻ വൃതി ശ്രീവാസ്തവിന്റെ അഭിപ്രായത്തിൽ വെളുത്തുള്ളി കഷ്ണത്തിലാണ് പ്രധാന പോഷകമായ അല്ലിസിൻ അടങ്ങിയിരിക്കുന്നത്. ഈ സംയുക്തമാണ് വെളുത്തുള്ളിയുടെ ആരോഗ്യപരമായ ഗുണങ്ങൾക്ക് പിന്നിൽ. എന്നാൽ വെളുത്തുള്ളിയുടെ തൊലി നേരിയതും നാരുകളുള്ളതും ദഹിക്കാൻ പ്രയാസമുള്ളതുമാണ്.
കൂടാതെ, തൊലികളിൽ കീടനാശിനികളുടെ അംശങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഉള്ളിയുടെ തൊലികൾ പോലെ വെളുത്തുള്ളിയുടെ തൊലികൾ കഴിക്കുന്നതുകൊണ്ട് കാര്യമായ പോഷക ഗുണങ്ങൾ ലഭിക്കാനില്ല. അതുകൊണ്ട് അവ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ശ്രീവാസ്തവ് പറയുന്നു.
വെളുത്തുള്ളി തൊലികൾ കളയുന്നതിന് പകരം അവയ്ക്ക് ഒരു ബദൽ ഉപയോഗം ശ്രീവാസ്തവ് നിർദേശിക്കുന്നു. തൊലികൾ വെള്ളത്തിൽ തിളപ്പിക്കുകയോ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുകയോ ചെയ്യാം. ഈ വെള്ളം ചെടികൾ നനയ്ക്കാൻ ഉപയോഗിക്കാം. വെളുത്തുള്ളി തൊലികളിലെ സൂക്ഷ്മാണുക്കൾക്കെതിരായ ഗുണങ്ങൾ ചെടികളെ കീടങ്ങളിൽ നിന്നും ബാക്ടീരിയയിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും.
കൂടാതെ, ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവയും വെളുത്തുള്ളി തൊലികളിൽ അടങ്ങിയിട്ടുണ്ട്.
വെളുത്തുള്ളിയുടെ ഗുണങ്ങൾ എങ്ങനെ വർദ്ധിപ്പിക്കാം?
വെളുത്തുള്ളിയുടെ ആരോഗ്യപരമായ ഗുണങ്ങൾ പരമാവധി ലഭിക്കാൻ വെളുത്തുള്ളി കഷ്ണങ്ങൾ ചവയ്ക്കാൻ ശ്രീവാസ്തവ് ശുപാർശ ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോൾ അല്ലിസിൻ എന്ന സംയുക്തം പുറത്തുവരുകയും അതിന്റെ ആന്റി-മൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ലഭിക്കുകയും ചെയ്യുന്നു. ഇത് രക്തക്കുഴലുകൾ വികസിപ്പിക്കാനും ഓക്സിജൻ സ്വീകരണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
മലിനമായ നഗരങ്ങളിൽ താമസിക്കുന്ന ആളുകൾക്കും, മാരത്തൺ ഓട്ടക്കാർക്കും, ട്രെക്കിംഗുകാർക്കും, പർവതാരോഹകർക്കും ഇത് വളരെ പ്രയോജനകരമാണ്. കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാനും വെളുത്തുള്ളി സഹായിക്കും.