മന്ത്രി ഗണേഷ്കുമാറിനെതിരായ പരാതികളിൽ പൊലിസ് കേസെടുക്കില്ല. പകരം ഭാര്യ ബിന്ദു മേനോൻ നേരിട്ട് പരാതി നൽകിയാൽ മാത്രം അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. കേട്ടുകേൾവി പരാതിയിൽ കേസെടുത്താൽ നിൽക്കില്ലെന്നാണ് പൊലീസ് വാദം. കയ്യേറ്റം നടന്നതിനെ കുറിച്ചോ ഗാർഹിക പീഡനത്തിലോ ബിന്ദു മേനോൻ നേരിട്ട് പരാതിയുമായി എത്തിയാൽ കേസെടുക്കാമെന്നാണ് പൊലീസ് നിലപാട്. അതേസമയം, വാളകത്തുണ്ടായ സംഭവങ്ങളിൽ ഇൻ്റലിജൻസ് വിശദമായ റിപ്പോർട്ട് നൽകി. മുഖ്യമന്ത്രിയെയും ഡിജിപിയെയും വിവരങ്ങൾ ധരിപ്പിച്ചു. ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവരാനുള്ള സാഹചര്യം തള്ളികളയാനാകില്ലെന്നും സ്പെഷ്യൽ ബ്രാഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ചത്. മന്ത്രിയെ വാളകത്തെ വീട്ടിൽ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച തന്നെ മന്ത്രിയുടെ സ്റ്റാഫുകൾ തടഞ്ഞുവെന്നും ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചുവെന്നുമാണ് ബിന്ദു ആരോപിക്കുന്നത്. അടിയന്തര സഹായ നമ്പറിൽ വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയെങ്കിലും ഇടപെടാതെ മടങ്ങിയെന്നുമാണ് ഗുരുതര ആരോപണം. ദുരുനുഭവം മുഖ്യമന്ത്രിയുടെ മകളെഉൾപ്പെടെ അറിയിച്ചിരുന്നുവെന്നും ബിന്ദു ഇന്നലെ വെളിപ്പെടുത്തിയിരുന്നു.



