അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഏഷ്യന്‍ രാജ്യങ്ങളെ കടുത്ത ഊര്‍ജ്ജപ്രതിസന്ധിയിലേക്ക് തള്ളിയിടുന്നു. ലോകത്തെ എണ്ണ, പ്രകൃതിവാതക വിതരണത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ പല രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി സമയം കുറച്ചും, തെരുവ് വിളക്കുകള്‍ അണച്ചും, പെട്രോള്‍ പമ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയും പ്രതിസന്ധി മറികടക്കാനാണ് വിവിധ ഏഷ്യന്‍ രാജ്യങ്ങളുടെ ശ്രമം. ഇതിനിടെ രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും നയാര കമ്പനി കൂട്ടിയിരുന്നു.
പ്രതിസന്ധി രൂക്ഷമായതോടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന വാക്കാണ് ‘എനര്‍ജി ലോക്ക്ഡൗണ്‍. പെട്രോളും ഡീസലും വൈദ്യുതിയും ലാഭിക്കുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന കര്‍ശന നിയന്ത്രണങ്ങളെയാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നത്. ഇത് ഒരു ഔദ്യോഗിക പദമല്ലെങ്കിലും, വരും ദിവസങ്ങളില്‍ ഊര്‍ജ്ജ ഉപയോഗത്തിന് രാജ്യം കടുത്ത പരിധികള്‍ നിശ്ചയിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.
രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ വരുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളി. ബുധനാഴ്ച നടന്ന സര്‍വകക്ഷി യോഗത്തിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍ ജനങ്ങളുടെ സഞ്ചാരത്തിനോ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കോ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കോവിഡ് കാലത്ത് രാജ്യം ഒന്നിച്ചു നിന്നതുപോലെ ഈ പ്രതിസന്ധി ഘട്ടത്തിലും ജാഗ്രത പാലിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടത്. ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ് ആശങ്കയ്ക്ക് കാരണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.പ്രതിസന്ധി നേരിടാന്‍ ഇന്ത്യ മുന്‍കരുതല്‍ എടുക്കുന്നുണ്ട്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം, അടുത്ത മാസത്തെ ആവശ്യത്തിനായി ഏകദേശം 6 കോടി ബാരല്‍ റഷ്യന്‍ എണ്ണ ഇന്ത്യ ഇതിനോടകം വാങ്ങിക്കഴിഞ്ഞു.



